ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ രാജസ്ഥാന്‍ റോയൽസിന് 5 വിക്കറ്റ് വിജയം. വിജയത്തോടെ 18 പോയിന്റുമായി രാജസ്ഥാന്‍ റോയൽസ് രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടന്നു. ജൈസ്വാളിന്റെ 59 റൺസും 23 പന്തിൽ 40 റൺസ് നേടി പുറത്താകാതെ നിന്ന രവിചന്ദ്രന്‍ അശ്വിനും വിജയത്തിൽ നിര്‍ണ്ണായക പങ്ക് വഹിച്ചു.
ജോസ് ബട്‍ലര്‍ വീണ്ടും ചെറിയ സ്കോറിൽ പുറത്തായപ്പോള്‍ സ്കോറിൽ ബോര്‍ഡിൽ 16 റൺസ് മാത്രമായിരുന്നു. പിന്നീട് യശസ്വി ജൈസ്വാളും സഞ്ജുവും ചേര്‍ന്ന് 51 റൺസ് നേടി രാജസ്ഥാനെ മുന്നോട്ട് നയിച്ചുവെങ്കിലും ടൈം ഔട്ടിന് ശേഷം ബ്രേക്ക് ത്രൂ നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചു.
15 റൺസ് നേടിയ സഞ്ജുവിനെ മികച്ചൊരു ക്യാച്ചിലൂടെ സ്വന്തം ബൗളിംഗിൽ മിച്ചൽ സാന്റനര്‍ പുറത്താക്കുകയായിരുന്നു. 10 ഓവര്‍ പിന്നിടുമ്പോള്‍ 73 റൺസാണ് രാജസ്ഥാന്‍ 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ദേവ്ദത്ത് പടിക്കലിനെ മോയിന്‍ അലി പുറത്താക്കിയപ്പോള്‍ രാജസ്ഥാന് കാര്യങ്ങള്‍ കൂടുതൽ പ്രയാസമായി മാറി.
ഒരു ഘട്ടത്തിൽ 84 പന്തിൽ 99 റൺസ് നേടേണ്ടിയിരുന്ന രാജസ്ഥാന്റെ ലക്ഷ്യം പിന്നീട് 42 പന്തിൽ 67 റൺസായി മാറി. മോയിന്‍ അലി എറിഞ്ഞ 14ാം ഓവറിൽ അശ്വിന്‍ സിക്സ് നേടിയപ്പോള്‍ അതേ ഓവറിൽ ജൈസ്വാൽ തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കി. 39 പന്തിൽ നിന്നാണ് താരം തന്റെ അര്‍ദ്ധ ശതകം നേടിയത്.
എംഎസ് ധോണി പ്രശാന്ത് സോളങ്കിയെ ബൗളിംഗിലേക്ക് കൊണ്ടുവന്നപ്പോള്‍ ജൈസ്വാൽ താരത്തെ സിക്സര്‍ പറത്തിയാണ് വരവേറ്റത്. എന്നാൽ ഓവറിൽ ജൈസ്വാളിനെ ഓവറിൽ സോളങ്കി പുറത്താക്കി. 44 പന്തിൽ 59 റൺസായിരുന്നു ജൈസ്വാള്‍ നേടിയത്.
ഇതോടെ 30 പന്തിൽ 47 റൺസെന്ന നിലയിലേക്ക് ലക്ഷ്യം മാറി. തന്റെ അടുത്തോവറിൽ തന്നെ ബൗണ്ടറി പറത്തിയ ഹെറ്റ്മ്യറിനെയും പുറത്താക്കി പ്രശാന്ത് സോളങ്കി പകരം വീട്ടിയപ്പോള്‍ ഓവറിലെ അവസാന പന്തിൽ സിക്സര്‍ നേടി അശ്വിന്‍ ലക്ഷ്യം 18 പന്തിൽ 32 റൺസാക്കി മാറ്റി.
മതീഷ പതിരാന എറിഞ്ഞ 18ാം ഓവറിൽ അശ്വിനും പരാഗും ചേര്‍ന്ന് ഓരോ ബൗണ്ടറി നേടിയപ്പോള്‍ ഓവറിൽ 13 റൺസ് നേടി. മുകേഷ് ചൗധരി എറിഞ്ഞ 19ാം ഓവറിൽ അശ്വിന്‍ നേടിയ സിക്സ് അടക്കം 12 റൺസ് പിറന്നപ്പോള്‍ അവസാന ഓവറിൽ ലക്ഷ്യം 7 ആയി മാറി. അശ്വിന്റെ മികവിൽ 2 പന്ത് അവശേഷിക്കെ രാജസ്ഥാന്‍ 5 വിക്കറ്റ് വിജയം നേടി.