ഓസ്ട്രേലിയയ്ക്ക് ഭീഷണിയുയര്‍ത്തി റഷീദ് ഖാന്‍, പൊരുതി വീണ് അഫ്ഗാനിസ്ഥാന്‍

റഷീദ് ഖാന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ ഓസ്ട്രേലിയയെ വിറപ്പിച്ച് കീഴടങ്ങി അഫ്ഗാനിസ്ഥാന്‍. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 168/8 എന്ന സ്കോര്‍ നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്റെ ഇന്നിംഗ്സ് 164/7 എന്ന നിലയിൽ അവസാനിച്ചു.

അവസാന ഓവറിൽ 22 റൺസ് വേണ്ട ഘട്ടത്തിൽ റഷീദ് ഖാന് രണ്ട് ഫോറും ഒരു സിക്സും നേടിയെങ്കിലും ഒരു ഡോട്ട് ബോളം ഒരു ഡബിളും ലക്ഷ്യത്തിന് 4 റൺസ് അകലെ വരെ എത്തുവാന്‍ മാത്രമേ അഫ്ഗാനിസ്ഥാന് സാധിച്ചുള്ളു. അവസാന ഓവറിൽ 16 റൺസാണ് പിറന്നത്. റഷീദ് ഖാന്‍ 23 പന്തിൽ 48 റൺസുമായി പുറത്താകാതെ നിന്നു.

റഹ്മാനുള്ള ഗുര്‍ബാസ് 17 പന്തിൽ 30 റൺസ് നേടിയെങ്കിലും താരം പവര്‍പ്ലേയ്ക്കുള്ളിൽ പുറത്താകുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ 40/2 എന്ന നിലയിലായിരുന്നു. അവിടെ നിന്നു 59 റൺസ് കൂട്ടുകെട്ടുമായി ഗുല്‍ബാദിന്‍ നൈബും(39) ഇബ്രാഹിം സ്ദ്രാനും(26) ടീമിനെ മുന്നോട്ട് നയിക്കുകയായിരുന്നു.

ഒരു ഘട്ടത്തിൽ അഫ്ഗാനിസ്ഥാന്‍ 99/2 എന്ന നിലയില്‍ നിന്ന് 103/6 എന്ന നിലയിലേക്ക് അഫ്ഗാനിസ്ഥാന്‍ തകര്‍ന്നതാണ് ടീമിന് തിരിച്ചടിയായത്. റഷീദ് ഖാന്‍ അവസാന ഓവറുകളിൽ തകര്‍ത്തടിച്ചുവെങ്കിലും 4 റൺസ് വിജയം നേടി ഓസ്ട്രേലിയ പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. എന്നാൽ ഇംഗ്ലണ്ട് നാളെ വിജയിക്കുകയാണെങ്കിൽ ഓസ്ട്രേലിയ ലോകകപ്പിൽ നിന്ന് പുറത്താകും.

ഓസ്ട്രേലിയയ്ക്കായി ജോഷ് ഹാസൽവുഡും ആഡം സംപയും രണ്ട് വീതം വിക്കറ്റ് നേടി.