ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് രാജസ്ഥാന്റെ യുവ താരങ്ങള്‍ക്ക് ജോസ് ബട്‍ലറുടെ സ്നേഹസമ്മാനം

Sports Correspondent

ഐപിഎല്‍ പാതി വഴിയില്‍ നിര്‍ത്തിയതോടെ വിദേശ താരങ്ങള്‍ സ്വന്തം നാട്ടിലേക്ക് എത്രയും വേഗം മടങ്ങുവാന്‍ ശ്രമിക്കുന്ന വാര്‍ത്തകളാണ് ഈ അടുത്ത ദിവസങ്ങളിലായി നമ്മള്‍ കേട്ടത്. ഇപ്പോള്‍ ഇംഗ്ലണ്ട് താരവും രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുമായി ജോസ് ബട്‍ലര്‍ നാട്ടിലേക്ക് മടങ്ങുന്നതിന് മുമ്പ് തന്റെ ടീമിലെ യുവ താരങ്ങള്‍ക്ക് സമ്മാനമായി ബാറ്റും കീപ്പിംഗ് ഗ്ലൗവും കൊടുത്ത വാര്‍ത്തയാണ് നമ്മളിലേക്ക് എത്തുന്നത്.

ഓപ്പണിംഗില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നോടൊപ്പം ഇറങ്ങിയിരുന്ന യശസ്വി ജൈസ്വാളിന് താരം ബാറ്റും. രാജസ്ഥാന്റെ ഈ സീസണിലെ അവസാന മത്സരത്തില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച അനുജ് റാവത്തിന് തന്റെ കീപ്പിംഗ് ഗ്ലൗവുമാണ് ജോസ് ബട്‍ലര്‍ നല്‍കിയത്.

ടൂര്‍ണ്ണമെന്റിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടിയ രാജസ്ഥാന് വേണ്ടി സണ്‍റൈസേഴ്സിനെതിരെയുള്ള മത്സരത്തില്‍ തകര്‍പ്പന്‍ ശതകം നേടിയാണ് ജോസ് ബട്‍ലര്‍ ഫോമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ടൂര്‍ണ്ണമെന്റ് നിര്‍ത്തിവയ്ക്കുവാന്‍ കോവിഡ് കേസുകള്‍ ബയോ ബബിളിനുള്ളിലെത്തിയതും കാരണമായി മാറുകയായിരുന്നു.