നിങ്ങൾക്ക് ലോകത്ത് ഇന്നേവരെ കണ്ട ഏറ്റവും മികച്ച, മനോഹരവുമായ മൈതാനങ്ങളും സ്റ്റേഡിയവും ദോഹയിൽ കാണാം. പുരുഷന്മാരുടെ ആവട്ടെ സ്ത്രീകളുടെ ആവട്ടെ 100 മീറ്റർ മത്സരങ്ങൾക്ക് മുമ്പ് ഇത്രയും മികച്ച ഒരു മുന്നൊരുക്കവും നിങ്ങൾ ദോഹയിൽ അല്ലാതെ കാണില്ല. ഏതൊരു ലോകോത്തര ട്രാക്കിനെയും വെല്ലുന്ന ട്രാക്കും നിങ്ങൾക്ക് ദോഹയിൽ കാണാം. എന്നാൽ ഒന്നു മാത്രം നിങ്ങൾക്ക് ദോഹയിൽ കാണാൻ ആവില്ല അത് തിങ്ങി നിറഞ്ഞ ഗാലറികൾ ആണ്. കാണികളുടെ പങ്കാളിത്തത്തിൽ അത്രക്ക് പരിതാപകരമാവുകയാണ് ദോഹയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ്.
ഏറ്റവും വലിയ പോരാട്ടം ആയ പുരുഷന്മാരുടെയും വാനിതകളുടെയും 100 മീറ്റർ മത്സരങ്ങളുടെ സമയത്ത് പോലും ഒഴിഞ്ഞു കിടന്ന ഗാലറികൾ ലോക ചാമ്പ്യൻഷിപ്പിന്റെ തന്നെ മാറ്റ് കുറച്ചു. ഷെല്ലി ഫ്രെയ്‌സർ പ്രൈസ് ചരിത്രം കുറിക്കുന്നത് കാണാനോ, ബോൾട്ടിനു ശേഷം ആര് എന്നറിയാനോ പോലും ആളുകൾ ഗാലറിയിൽ എത്താത്ത കാഴ്ച ദുഃഖകരമായിരുന്നു. ഇന്നലെ മിക്‌സിഡ് റിലേയിൽ ഇന്ത്യക്കാർക്ക് ആയി ആർത്തു വിളിക്കാൻ എത്തിയ ഇന്ത്യക്കാർ ആയിരുന്നു ഗാലറിയിൽ അൽപ്പമെങ്കിലും ഉണ്ടായിരുന്നവർ. പലപ്പോഴും ഗാലറികളിൽ മത്സരിക്കുന്ന രാജ്യത്തെ അത്ലറ്റുകളും അവരുടെ പരിശീലകരും മാത്രം ആണോ ഉള്ളത് എന്നു പോലും തോന്നി നാട്ടുകാർ ആയിട്ട് കാണിക്കാൻ വിരലിൽ എണ്ണാൻ പോലും ആളുകൾ കുറവായിരുന്നു.
പൊതുവെ അത്‌ലറ്റിക്‌സ് മത്സരങ്ങൾക്ക് ഗാലറി നിറയാറില്ല എന്ന ഒഴിക് കഴിവ് പറഞ്ഞാലും ഇത്തരം പരിതാപകരമായ ഗാലറികൾ ദോഹയിൽ മാത്രമെ കാണാൻ സാധിക്കൂ. 2022 ൽ ഫിഫ ലോകകപ്പ് അടക്കം വിരുന്നെത്തുന്നതിനാൽ ഇത്തരം കാഴ്ചകൾ ഖത്തറിന്റെ കായികമേളകൾ നടത്താനുള്ള അർഹതയെ വരെ ചോദ്യം ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഏറ്റവും അത്യാധുനികമായ സ്റ്റേഡിയങ്ങളും മൈതാനങ്ങളും ട്രാക്കും ഒരുക്കാൻ സാധിക്കുക എന്നത് മാത്രം ഒരു കായികമേള നടത്താനുള്ള യോഗ്യത ആവുന്നില്ലല്ലോ. എന്നും നിറഞ്ഞ ഗാലറികളും ഹൃദയം തുറന്ന് കയ്യടിക്കുന്ന ആർത്ത് വിളിക്കുന്ന ആരാധകരും തന്നെയാണ് കായികരംഗത്തിന്റെ ഹൃദയം അതില്ലാത്ത കാലത്തോളം വെറും കേട്ടു കാഴ്ച മാത്രം ആകുന്നു ഓരോ കായികമേളയും.