ലോകകപ്പിലെ ഉദ്ഘാടന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ ആതിഥേയർ വിറക്കുകയാണ്. ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ ശക്തികളായ ഇക്വഡോർ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ നിൽക്കുകയാണ്. എന്നർ വലൻസിയ നേടിയ ഇരട്ട ഗോളുകളാണ് ഇക്വഡോറിന് കരുത്തായത്.
ഇന്ന് മത്സരം ആരംഭിച്ച് മൂന്നാം മിനുട്ടിൽ തന്നെ ഇക്വഡോർ മുന്നിൽ എത്തിയിരുന്നു. ഒരു ഫ്രീകിക്കിൽ നിന്ന് പിറന്ന അവസരം എന്നർ വലൻസിയ ഗോളാക്കി മാറ്റി. ആഹ്ലാദവും നടന്നു. എന്നാൽ ബിൽഡ് അപ്പിൽ ഒരു ഓഫ് സൈഡ് ഉണ്ടെന്ന് വാർ കണ്ടെത്തിയതോടെ ആ ഗോൾ നിഷേധിക്കപ്പെട്ടു.
പക്ഷെ വലൻസിയയെയും ഇക്വഡോറിനെയും അധിക നേരം പിടിച്ചു നിർത്താൻ ഖത്തറിനായില്ല. മൈക്കിൾ എസ്ട്രാഡ നൽകിയ ഒരു ത്രൂ പാസ് കൈക്കലാക്കി മുന്നേറിയ വലൻസിയയെ ഖത്തർ പെനാൾട്ടി ബോക്സിൽ വീഴ്ത്തി. പിന്നാലെ പെനാൾട്ടി വിസിൽ വന്നു. വലൻസിയ തന്നെ പെനാൾട്ടി എടുത്ത് അനായാസം ലക്ഷ്യം കണ്ടു.
31ആം മിനുട്ടിൽ വലൻസിയ വീണ്ടും വല കണ്ടെത്തി. ഇത്തവണ പ്രെസിയാഡോ നൽകിയ ക്രോസ് തലവെച്ച് എന്നർ വലൻസിയ വലയിൽ എത്തിക്കുക ആയിരുന്നു. ആദ്യ പകുതിയിൽ അവസാന നിമിഷം ഒരു അവസരം വരെ സൃഷ്ടിക്കാൻ ഖത്തറിന് ആയില്ല. അവസാനം കിട്ടിയ അവസരം അലി മുതലാക്കിയുമില്ല.
അവസാന ആറ് മത്സരങ്ങളിൽ മിന്ന് ഒരു ഗോൾ പോലും വഴങ്ങാത്ത ഇക്വഡോറിനെതിരെ രണ്ടാം പകുതിയിൽ തിരിച്ചുവരിക ഖത്തറിന് അത്ര എളുപ്പമാകില്ല.