അനായാസം ജയിക്കേണ്ടിയിരുന്ന മത്സരം അവസാന ഓവറുകളില്‍ വേണ്ടാത്ത ഷോട്ടുകള്‍ കളിച്ച് പുറത്തായി സ്വയം സമ്മര്‍ദ്ദത്തിലാക്കി ഡല്‍ഹി ക്യാപിറ്റല്‍സ് കളഞ്ഞ് കുളിച്ചപ്പോള്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനു തങ്ങളുടെ മൂന്നാം ജയം. രാജസ്ഥാനെതിരെ ആദ്യ മത്സരത്തിലേത് പോലെ അവസാന നാലോവറില്‍ എതിരാളികള്‍ക്ക് നേടുവാനുള്ള ലക്ഷ്യം ചെറുതായിരുന്നുവെങ്കിലും വിക്കറ്റുകള്‍ വീഴ്ത്തി പഞ്ചാബ് തിരികെ എത്തുകയായിരുന്നു.
സാം കറന്‍ എറിഞ്ഞ 18ാം ഓവറാണ് മത്സരം തിരികെ കൊണ്ടുവന്നത്. ഓവറില്‍ കോളിന്‍ ഇന്‍ഗ്രാമിന്റെ ഉള്‍പ്പെടെ രണ്ട് വിക്കറ്റാണ് കറന്‍ നേടിയത്. ഋഷഭ് പന്തിന്റെ വിക്കറ്റുകള്‍പ്പെടെ രണ്ട് നിര്‍ണ്ണായക വിക്കറ്റുകളുമായി മുഹമ്മദ് ഷമിയും മികച്ച പ്രകടനം പുറത്തെടുത്തു. അവസാന ഓവറില്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി സാം കറന്‍ ഹാട്രിക് നേടിയപ്പോള്‍ മത്സരം 14 റണ്‍സിനു വിജയം കുറിച്ചു. 19.2 ഓവറില്‍ 152 റണ്‍സിനു ഡല്‍ഹി ഓള്‍ഔട്ട് ആവുകയായിരുന്നു.
ഇന്ന് പഞ്ചാബിന്റെ ഹോം ഗ്രൗണ്ടായ മൊഹാലിയില്‍ നടന്ന മത്സരത്തില്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ കഴിഞ്ഞ മത്സരത്തിലെ സൂപ്പര്‍ താരം പൃഥ്വി ഷായെ പൂജ്യത്തിനു നഷ്ടമായ ശേഷം ഡല്‍ഹിയെ ശിഖര്‍ ധവാനും ശ്രേയസ്സ് അയ്യരും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്. അശ്വിനായിരുന്നു ഷായുടെ വിക്കറ്റ്.
61 റണ്‍സ് നേടി കുതിയ്ക്കുകയായിരുന്നു കൂട്ടുകെട്ടില്‍ അയ്യരാണ്(28) ആദ്യം പുറത്തായത്. 21 റണ്‍സ് കൂടി ചേര്‍ക്കുന്നതിനിടയില്‍ ടീമിനു ധവാനെയും നഷ്ടമായി. പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റും നേടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ കോളിന്‍ ഇന്‍ഗ്രാം ഋഷഭ് പന്തിനെ കൂട്ടുപിടിച്ച് ഡല്‍ഹിയെ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു.
പന്തിനെ കാഴ്ചക്കാരനാക്കി അതിവേഗത്തില്‍ സ്കോറിംഗ് നടത്തുന്ന ഇന്‍ഗ്രാമിനെയാണ് പിന്നീടുള്ള ഓവറുകളില്‍ കണ്ടതെങ്കിലും പന്തും ഇന്നിംഗ്സിന്റെ അവസാനത്തോടെ വലിയ ഷോട്ടുകളിലൂടെ സ്കോര്‍ ഉയര്‍ത്തി.
അവസാന നാലോവറില്‍ ജയിക്കുവാന്‍ ഡല്‍ഹിയ്ക്ക് വേണ്ടിയിരുന്നത് 30 റണ്‍സായിരുന്നു. മുഹമ്മദ് ഷമി എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ ഒരു കൂറ്റന്‍ സിക്സര്‍ നേടിയ പന്തിനെ അടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി തിരിച്ചടിച്ചത്. 26 പന്തില്‍ നിന്ന് മൂന്ന് ഫോറും 2 സിക്സും സഹിതമായിരുന്നു പന്തിന്റെ പ്രകടനം. അടുത്ത പന്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ക്രിസ് മോറിസിനെ റണ്ണൗട്ടാക്കി അശ്വിന്‍ വീണ്ടും മത്സരം മാറ്റി മറിച്ചു.
കഴിഞ്ഞ മത്സരത്തില്‍ അവസാന ഓവറില്‍ ഡല്‍ഹിയ്ക്കായി ഇറങ്ങിയ കൂട്ടുകെട്ടിന്റെ പുറത്തായി പിന്നീട് വിജയം ഉറപ്പാക്കേണ്ട ദൗത്യം. കോളിന്‍ ഇന്‍ഗ്രാമിനും ഹനുമ വിഹാരിയ്ക്കും ടീമിനെ വിജയത്തിലേക്ക് നയിക്കുവാന്‍ 18 പന്തില്‍ 23 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
സാം കറന്‍ എറിഞ്ഞ പതിനെട്ടാം ഓവറിലെ ആദ്യ പന്തുകളില്‍ വലിയ ഷോട്ടുകള്‍ നേടുവാന്‍ പഞ്ചാബ് ബൗളര്‍മാര്‍ ബുദ്ധിമുട്ടിയപ്പോള്‍ ഇന്‍ഗ്രാം വലിയ ഷോട്ടിനു മുതിരുകയും ബൗണ്ടറി ലൈനില്‍ ഒരു തകര്‍പ്പന്‍ ക്യാച്ച് നേടി കരുണ്‍ നായര്‍ ഇന്‍ഗ്രാമിനെ പുറത്താക്കുകയായിരുന്നു.
ഇതോടെ ക്രീസില്‍ രണ്ട് പുതിയ താരങ്ങളായി പഞ്ചാബിനു വേണ്ടി ബാറ്റ് ചെയ്യാനെത്തിയത്. ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെയും പുറത്താക്കി സാം കറന്‍ ആദ്യ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ എറിഞ്ഞ തരത്തിലുള്ള ഗെയിം ചേഞ്ചിംഗ് ഓവര്‍ എറിഞ്ഞ് പഞ്ചാബിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു.
12 പന്തില്‍ 20 റണ്‍സ് വേണ്ട ഘട്ടത്തില്‍ മുഹമ്മദ് ഷമി വെറും 5 റണ്‍സ് നല്‍കി പഞ്ചാബിനു വേണ്ടി വിഹാരിയെ പുറത്താക്കി അവസാന ഓവറിലെ ലക്ഷ്യം 15 ആക്കി മാറ്റി. അവസാന ഓവറില്‍ സാം കറന്‍ ആദ്യ പന്തില്‍ തന്നെ കാഗിസോ റബാഡയെ പുറത്താക്കി. അടുത്ത പന്തില്‍ സന്ദീപ് ലാമിച്ചാനയെയും പുറത്താക്കി സാം കറന്‍ തന്റെ ഹാട്രിക്കും പൂര്‍ത്തിയാക്കി. 2.2 ഓവറില്‍ 11 റണ്‍സിനാണ് കറന്‍ 4 വിക്കറ്റ് നേടിയത്.