പി എസ് ജിയുടെ സൂപ്പർ നിരക്ക് ഇന്ന് ഫ്രഞ്ച് ലീഗിൽ വലിയ തിരിച്ചടി. ഇന്ന് എവേ മത്സരത്തിൽ റെന്നെ ആണ് പി എസ് ജിയുടെ താരനിരയെ തകർത്തത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റെന്നെയുടെ വിജയം. മെസ്സിയും നെയ്മറും എമ്പപ്പെയും ഒക്കെ ഇറങ്ങിയിട്ടും ഒരു ഷോട്ട് ടാർഗറ്റിലേക്ക് പോലുൻ തൊടുക്കാൻ ആവാതെ പി എസ് ജി കീഴടങ്ങി. തുടക്കത്തിൽ പി എസ് ജി നിരവധി അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. മെസ്സി തന്നെ മികച്ച അവസരങ്ങൾ ഒരുക്കി കൊടുത്തു എങ്കിലും ഒന്നും വലയിൽ എത്തിയില്ല.
ആദ്യ പകുതിയിൽ മെസ്സിയുടെ ഒരു ഫ്രീകിക്ക് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. ആദ്യ പകുതിക്ക് തൊട്ടു മുമ്പാണ് റെന്നെയുടെ ഗോൾ വന്നത്. ഇടതു വിങ്ങിൽ നിന്ന് വന്ന സിലെമനയുടെ മികച്ച ക്രോസ് ലബോർഡെ വലയിൽ എത്തിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ റെന്നെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ ലബോർടെയുടെ പാസ് സ്വീകരിച്ച് ടൈറ്റ് ആണ് ഗോൾ നേടിയത്. ഇതോടെ പി എസ് ജി പരുങ്ങലിലായി.
68ആം മിനുട്ടിൽ എമ്പപ്പെ ഒരു ഗോൾ മടക്കി എങ്കിലും വാർ അത് ഓഫ്സൈഡ് വിളിച്ചു. മറുവശത്ത് റെന്നെക്ക് കിട്ടിയ പെനാൾട്ടിയും വാർ നിഷേധിച്ചു. ഇക്കാർഡിയെയും പി എസ് ജി രംഗത്ത് ഇറക്കി നോക്കി എങ്കിലും രക്ഷ ഉണ്ടായില്ല. പി എസ് ജിയുടെ ലീഗിലെ ആദ്യ പരാജയമാണിത്. 9 മത്സരങ്ങളിൽ നിന്ന് 24 പോയിന്റുമായി പി എസ് ജി തന്നെയാണ് ഇപ്പോഴും ലീഗിൽ ഒന്നാമത്. റെന്നെക്ക് 12 പോയിന്റാണ് ഉള്ളത്.