ഫ്രഞ്ച് ലീഗിൽ പി എസ് ജിക്ക് തുടർച്ചയായ മൂന്നാം വിജയം. സൂപ്പർ സൈനിംഗ് ലയണൽ മെസ്സി ഇല്ലാതെ ഇറങ്ങിയ പി എസ് ജി ഇന്ന് ബ്രെസ്റ്റിനെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കഴിഞ്ഞ മത്സരവും പി എസ് ജി സമാനമായ സ്കോറിൽ ആയിരുന്നു വിജയിച്ചത്. മെസ്സി മാത്രമല്ല നെയ്മറും ഇന്ന് പി എസ് ജി നിരയിൽ ഉണ്ടായുരുന്നില്ല. പുതിയ സൈനിംഗ് വൈനാൾഡം ഇന്ന് മധ്യനിരയിൽ ഇറങ്ങി. ഡൊണ്ണരുമ്മ ബെഞ്ചിലും ഉണ്ടായിരുന്നു.
ഇന്ന് ആദ്യ 36 മിനുട്ടിൽ തന്നെ പി എസ് ജി എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. 23ആം മിനുട്ടിൽ മധ്യനിര താരം ആൻഡെർ ഹെരേരയാണ് പി എസ് ജിയുടെ ആദ്യ ഗോൾ നേടിയത്. പിന്നാലെ 36ആം മിനുട്ടിൽ എമ്പപ്പെ തൊടുത്ത ഹെഡറ്റ് വലയിൽ കയറിയതോടെ പി എസ് ജി ലീഡ് ഇരട്ടിയായി. എമ്പപ്പെയുടെ സീസണിലെ ആദ്യ ഗോളായിരുന്നു ഇത്. 42ആം മിനുട്ടിൽ ഹൊണരടിലൂടെ ബ്രെസ്റ്റ് ഒരു ഗോൾ മടക്കി.
രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ ആൻഡർ ഹെരേര ഒരുക്കിയ അവസരത്തിൽ നിന്ന് ഇദ്രിസ ഗയെ പി എസ് ജിയുടെ മൂന്നാം ഗോൾ നേടി. 85ആം മിനുട്ടിൽ ബ്രെസ്റ്റ് ഒരു ഗോൾ കൂടെ മടക്കി കളി ആവേശകരമാക്കി. എങ്കിലു. 90ആം മിനുട്ടിലെ ഡിമറിയ ഗോൾ പി എസ് ജി വിജയം ഉറപ്പിച്ചു. ഹകീമി ആയിരുന്നു ആ ഗോൾ ഒരുക്കിയത്.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ലീഗിൽ ഒന്നാമത് നിൽക്കുകയാണ് പി എസ് ജി.