ടോപ് ഓര്‍ഡര്‍ അവസരത്തിനൊത്തുയര്‍ന്നില്ല, പൊരുതിയത് നിക്കോളസ് പൂരന്‍ മാത്രം, പാക്കിസ്ഥാന് വിജയം

Sports Correspondent

വെസ്റ്റിന്‍ഡീസിനെതിരെ 7 റൺസ് വിജയം നേടി പാക്കിസ്ഥാന്‍. ഇന്ന് 157/8 എന്ന നിലയിൽ പാക്കിസ്ഥാനെ ഒതുക്കിയെങ്കിലും ചേസിംഗിൽ ടോപ് ഓര്‍ഡറിൽ നിന്ന് കാര്യമായ സംഭാവന പിറക്കാതിരുന്നത് ടീമിന് തിരിച്ചടിയായി. അവസാന ഓവറിൽ 20 റൺസ് വേണ്ട ഘട്ടത്തിൽ 12 റൺസ് മാത്രമേ പൂരന് നേടാനായുള്ളു.

ടോപ് ഓര്‍ഡറിൽ നിന്നുള്ള മോശം പ്രകടനം ടീമിനെ പ്രതിസന്ധിയിലാക്കിയെങ്കിലും പൂരന്റെ ഒറ്റയാള്‍ പോരാട്ടമാണ് വിന്‍ഡീസിനെ 150/4 എന്ന സ്കോറിലേക്ക് എത്തിച്ചത്.

Nicholaspooran

ആദ്യ ഓവറിൽ ആന്‍ഡ്രേ ഫ്ലെച്ചറിനെ പുറത്താക്കി മുഹമ്മദ് ഹഫീസ് ആണ് പാക്കിസ്ഥാന് മേല്‍ക്കൈ നേടിക്കൊടുത്തത്. എവിന്‍ ലൂയിസ്(35), ക്രിസ് ഗെയിൽ(16), ഷിമ്രൺ ഹെറ്റ്മ്യര്‍(17) എന്നിവര്‍ക്കാര്‍ക്കും തന്നെ വേഗത്തിൽ സ്കോറിംഗ് നടത്താനാകാതെ പോയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. ഹഫീസ് തന്റെ നാലോവര്‍ സ്പെല്ലിൽ വെറും 6 റൺസ് മാത്രമാണ് വിട്ട് നല്‍കിയത്.

18 പന്തിൽ 46 റൺസെന്ന നിലയിലേക്ക് കൊണ്ടുവരുവാന്‍ നാലാം വിക്കറ്റില്‍ നിക്കോളസ് പൂരനും കീറൺ പൊള്ളാര്‍ഡിനും സാധിച്ചു. ഇരുവരും ചേര്‍ന്ന് 32 പന്തിൽ 64 റൺസാണ് നാലാം വിക്കറ്റിൽ നേടിയത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ 18ാം ഓവറിൽ രണ്ട് ഫോര്‍ അടക്കം 11 റൺസ് വന്നപ്പോള്‍ ലക്ഷ്യം രണ്ടോവറിൽ 35 റൺസായി മാറി.

ഹസന്‍ അലിയെ 19ാം ഓവറിൽ രണ്ട് സിക്സര്‍ പറത്തി പൂരന്‍ മത്സരം വിന്‍ഡീസ് പക്ഷത്തേക്ക് തിരിച്ചുവെങ്കിലും അവസാന രണ്ട് പന്തിൽ കീറൺ പൊള്ളാര്‍ഡിന് 1 റൺസ് മാത്രമേ നേടാനായുള്ളു. ഓവറിൽ നിന്ന് 15 റൺസാണ് പിറന്നത്. അവസാന ഓവറിലെ ലക്ഷ്യം 20 റൺസായിരുന്നു. 14 പന്തിൽ 13 റൺസ് നേടിയ പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സും വിന്‍ഡീസിന് ഗുണം ചെയ്തില്ല.

28 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച നിക്കോളസ് പൂരന്റെ ഒറ്റയാള്‍ പ്രകടനത്തെ അതിജീവിച്ചാണ് പാക്കിസ്ഥാന്‍ വിജയം നേടിയത്. പൊള്ളാര്‍ഡ് പുറത്തായ ശേഷമുള്ള അടുത്ത രണ്ട് പന്തിൽ റൺസെടുക്കുവാന്‍ പൂരനും ബുദ്ധിമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ 7 റൺസ് വിജയം നേടി. ഷഹീന്‍ അഫ്രീദിയാണ് അവസാന ഓവര്‍ എറിഞ്ഞത്. അവസാന രണ്ട് പന്തിൽ ഒരു ഫോറും സിക്സും നേടിയ പൂരന്‍ 33 പന്തിൽ പുറത്താകാതെ 62 റൺസ് നേടി.