സെൽഫ് ഗോളും ചുവപ്പ് കാർഡും വിനയായി, പോളണ്ടിനെ നിശബ്ദരാക്കി സ്ലൊവാക്യ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലെവൻഡോസ്കിക്കും പോളണ്ടിനും യൂറോ കപ്പിൽ നിരാശയാർന്ന തുടക്കം. സ്ലൊവാക്യയെ എളുപ്പത്തിൽ തോൽപ്പിച്ച് ഗ്രൂപ്പ് ഘട്ടം തുടങ്ങാം എന്ന് കരുതിയ പോളണ്ടിനെ നിശബ്ദരാക്കി കൊണ്ട് സ്ലൊവാക്യ മൂന്ന് പോയിന്റ് സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സ്ലൊവാക്യയുടെ വിജയം. ഈ യൂറോ കപ്പിലെ ആദ്യ ചുവപ്പ് കാർഡു കണ്ട് മത്സരമായിരുന്നു ഇത്. ചുവപ്പ് കാർഡും ഒരു സെൽഫ് ഗോളുമാണ് പോളണ്ടിന്റെ പരാജയത്തിൽ വലിയ പങ്കുവഹിച്ചത്.

ഇന്ന് മികച്ച രീതിയിൽ മത്സരം ആരംഭിച്ച സ്ലൊവാക്യ പതിനെട്ടാം മിനുട്ടിൽ തന്നെ ലീഡ് എടുത്തു. ഇടതു വിങ്ങിൽ മാക് നടത്തിയ ഒറ്റയാൾ നീക്കമാണ് ആ ഗോൾ നൽകിയത്. പോളണ്ട് ഡിഫൻസിനെ ഒറ്റയ്ക്ക് ഡ്രിബിൾ ചെയ്ത് മാറ്റി മുന്നേറിയ മാറ്റ് തൊടുത്ത ഷോട്ട് സേവ് ചെയ്യാൻ കീപ്പർ ചെസ്നിക്കായില്ല. പോസ്റ്റിൽ തട്ടി പന്ത് മടങ്ങുമ്പോൾ ചെസ്നിയുടെ ദേഹത്ത് തന്നെ തട്ടി പന്ത് വലയിലേക്ക് കയറി.

ഈ ഗോളിന് ശേഷവും ആദ്യ പകുതിയിൽ മികച്ച ഫുട്ബോൾ കാഴ്ചവെച്ചത് സ്ലൊവാക്യ ആയിരുന്നു. അവരുടെ അറ്റാക്കുകൾ കൂർമ്മതയുള്ളതായുരുന്നു. എങ്കിലും രണ്ടാം ഗോൾ പിറന്നില്ല. കളിയുടെ രണ്ടാം പകുതി പക്ഷെ മികച്ച രീതിയിൽ തുടങ്ങിയത് പോളണ്ട് ആയിരുന്നു. രണ്ടാം പകുതി തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ പോളണ്ട് സമനില കണ്ടെത്തി. മികച്ച നീക്കത്തിന് ഒടുവിൽ ലിനെറ്റിയുടെ സ്ട്രൈക്കാണ് സ്ലൊവാക്യ വലയിൽ കയറിയത്.

കളി 1-1 എന്ന രീതിയിൽ പോകുമ്പോൾ ആണ് പോളണ്ടിന്റെ പരിചയസമ്പന്നനായ താരം ക്രൈചൊവിയക് രണ്ടാം മഞ്ഞ കാർഡ് വാങ്ങി കളം വിടുന്നത്. ഈ യൂറോ കപ്പിലെ ആദ്യ ചുവപ്പ് കാർഡായിരുന്നു ഇത്. ഇതോടെ പത്തു പേരായി ചുരുങ്ങിയ പോളണ്ട് പരുങ്ങലിലായി. 69ആം മിനുട്ടിൽ സ്ലൊവാക്യ ലീഡും നേടി. ഒരു കോർണറിൽ നിന്ന് ഇന്റർ മിലാൻ താരം സ്ക്രിനിയർ ആണ് സ്ലൊവാക്യക്ക് ലീഡ് നൽകിയത്. മനോഹരമാ ഫസ്റ്റ് ടച്ചിലൂടെ പന്ത് നിയന്ത്രിച്ചായിരുന്നു സ്ക്രിനിയറിന്റെ സ്ട്രൈക്ക്. ഈ ഗോളിൽ നിന്ന് തിരിച്ചു കയറാൻ പോളണ്ടിനായില്ല. പോളണ്ടിന്റെ സൂപ്പർ സ്ട്രൈക്കർ ലെവൻഡോസ്കിക്ക് നല്ല അവസരങ്ങൾ ഒരുക്കി കൊടുക്കാൻ പോലും പോളണ്ടിനായില്ല. സ്പെയിനും സ്വീഡനും ആണ് ഈ ഗ്രൂപ്പിലെ മറ്റു ടീമുകൾ.