ഇംഗ്ലണ്ടിൽ ലീഗ് ജയിക്കുന്ന ആദ്യ ജർമ്മൻ പരിശീലകൻ ആയി ക്ലോപ്പ്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ലിവർപൂളിന്റെ 30 വർഷത്തെ ലീഗ് കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച ക്ലോപ്പ് ഇംഗ്ലണ്ടിൽ ലീഗ് കിരീടം നേടുന്ന ആദ്യ ജർമ്മൻ പരിശീലകൻ എന്ന അപൂർവ നേട്ടം സ്വന്തമാക്കി. ജർമ്മനിയിൽ മൈൻസിലൂടെ പരിശീലകനായ ക്ലോപ്പ് പിന്നീട് ബുണ്ടസ് ലീഗിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ രണ്ട് തവണ ജേതാക്കളും ആക്കി. അവരെ ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിച്ച അദ്ദേഹം നാലര വർഷം മുമ്പ് ആണ് ലിവർപൂൾ പരിശീലകൻ ആയി ഇംഗ്ലണ്ടിൽ എത്തുന്നത്.

തുടർന്ന് ലിവർപൂളിനെ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന നിലക്ക് ലോകോത്തര ടീമായി ഉയർത്തി അദ്ദേഹം. 2 വർഷം മുമ്പ് ടീമിനെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിച്ച ക്ലോപ്പ് പക്ഷെ അത്തവണ പരാജയം ഒരിക്കൽ കൂടി നേരിട്ടു. എന്നാൽ കഴിഞ്ഞ കൊല്ലം ലീഗ് കിരീടത്തിനായി ശക്തമായ വെല്ലുവിളി ഉയർത്തിയ ലിവർപൂൾ 97 പോയിന്റുകൾ നേടിയിട്ടും മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ രണ്ടാമത് ആയി. എന്നാൽ ഇത്തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ടോട്ടൻഹാനിനെ മറികടന്ന ക്ലോപ്പിന്റെ ടീം ആറാം തവണയും ചാമ്പ്യൻസ് ലീഗ് കിരീടം ലിവർപൂളിൽ എത്തിച്ചു.

തുടർന്ന് യൂറോപ്യൻ സൂപ്പർ കപ്പ്, ക്ലബ് ലോകകപ്പ് എന്നിവ നേടിയ അദ്ദേഹം ഇപ്പോൾ ക്ലബിനെ നീണ്ട കാത്തിരിപ്പിന് ഒടുവിൽ പ്രീമിയർ ലീഗ് ജേതാക്കളും ആക്കിയിരിക്കുന്നു. ലിവർപൂളിനു ഇത് 19 മത്തെ ലീഗ് കിരീടവും ആദ്യ പ്രീമിയർ ലീഗ് കിരീടവും ആണ്. 9 രാജ്യങ്ങളിൽ നിന്ന് ഇംഗ്ലണ്ടിൽ ലീഗ് കിരീടം ഉയർത്തുന്ന 56 മത്തെ പരിശീലകൻ കൂടിയാണ് ക്ലോപ്പ്. പ്രീമിയർ ലീഗ് ക്ലബിൽ ആദ്യ നാലു വർഷം കൊണ്ട് ചാമ്പ്യൻസ് ലീഗ്, പ്രീമിയർ ലീഗ് കിരീടങ്ങൾ ഉയർത്തുന്ന ആദ്യ പരിശീലകനും ആയി ക്ലോപ്പ് മാറി. ലിവർപൂളിന്റെ ഇംഗ്ലീഷ് ഫുട്‌ബോളിന്റെ ചരിത്രത്തിലേക്ക് തന്നെയാണ് ക്ലോപ്പ് നടന്നു കയറിയത്. ആൻഫീൽഡിന് പുറത്ത് ക്ലോപ്പ് പ്രതിമ സ്ഥാപിക്കണം എന്ന ആവശ്യം ഇതിനകം തന്നെ ലിവർപൂൾ ആരാധകർ ഉയർത്തി കഴിഞ്ഞു. അഭിനന്ദനങ്ങൾ ക്ലോപ്പ്, അഭിനന്ദനങ്ങൾ ലിവർപൂൾ.