പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിലെ ജയം തുടരാൻ ആഴ്സണൽ സ്വന്തം മൈതാനത്ത് ബേർൺലിയെ നേരിടും. ആദ്യ മത്സരത്തിൽ ജയം കണ്ട ഇരു ടീമുകളും അതിന്റെ ആത്മവിശ്വാസവുമായാവും മത്സരത്തിൽ ഇറങ്ങുക. ആദ്യ മത്സരത്തിൽ സ്റ്റീവ് ബ്രൂസിന്റെ എതിരില്ലാത്ത ഒറ്റ ഗോളിന് തോല്പിക്കുക ആയിരുന്നു ആഴ്സണൽ. ഒബമയാങ് ആണ് ഉനയ് എമറെയുടെ ടീമിന് വേണ്ടി വല കുലുക്കിയത്. അതേസമയം പ്രീമിയർ ലീഗിലെ ബേർൺലിയുടെ സർവകാല ഗോൾ വേട്ടക്കാരൻ ആയ ബാർൺസിന്റെ ഗോളടി മികവിൽ എതിരില്ലാത്ത 3 ഗോളുകൾക്ക് സൗത്താപ്റ്റണെ തോൽപ്പിച്ചാണ് ബേർൺലി തുടങ്ങിയത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനം മറന്ന് മികച്ച പ്രകടനം നടത്താൻ ആവും ഷോൺ ഡെയ്ച്ചിന്റെ ടീമിന്റെ ശ്രമം. പ്രതിരോധം എന്നും പ്രധാന ശക്തിയായ ബേർൺലിക്ക് ഗോൾ കീപ്പർ നിക്ക് പോപ്പിന്റെ മടങ്ങിവരവ് വലിയ ഊർജ്ജമാവും.
ഒപ്പം തർക്കോവ്സ്ക്കി അടക്കമുള്ള പ്രതിരോധതാരങ്ങളും. ബാർൺസും ക്രിസ് വുഡും അടങ്ങുന്ന മുന്നിരക്കാരും ബ്രാഡിയും ഗുഡ്മുണ്ട്സനും അടങ്ങുന്ന മധ്യനിരയും ആഴ്സണൽ പ്രതിരോധത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. എന്നാൽ കഴിഞ്ഞ കുറെ മത്സരങ്ങൾ തുടർച്ചയായി ആഴ്സണലിനോട് തോറ്റ ബേർൺലിക്ക് മുമ്പിലുള്ള കടമ്പ അത്ര ചെറുതല്ല എന്നതാണ് സത്യം. മറുവശത്ത് ബേർൺലിക്ക് എതിരായ മികച്ച റെക്കോർഡും, സ്വന്തം മൈതാനത്തെ ആദ്യ മത്സരം എന്നതും ആഴ്സണലിന് ആത്മവിശ്വാസം കൂട്ടും. ഒപ്പം ആദ്യ മത്സരത്തിൽ ഗോൾ വഴങ്ങാത്ത പ്രതിരോധം ആഴ്സണലിനെ സംബന്ധിച്ച് വലിയ കാര്യമാണ്. നന്നായി കളിച്ച നൈൽസ്, ചെമ്പേർസ്, സോക്രട്ടീസ്, മോൺറിയാൽ പ്രതിരോധത്തിൽ തുടരാൻ തന്നെയാണ് സാധ്യത. എന്നാൽ പുതുതായി ടീമിലെത്തിയ ഡേവിഡ് ലൂയിസിന്റെ അരങ്ങേറ്റം കാണാൻ ആവുമോ എന്നതാണ് വലിയ ചോദ്യം. ചേമ്പേർസിന് പകരം ലൂയിസിന് എമറെ അവസരം നൽകുമോ എന്നു കണ്ടറിയണം.
ആദ്യ മത്സരത്തിൽ കളിക്കാതിരുന്ന കൊലാസ്നാച്ചിനു എമറെ അവസരം നൽകാൻ സാധ്യത കുറവാണ്. മധ്യനിരയിൽ ഷാക്ക, ഗെന്റൂസി എന്നിവർ തുടരാൻ ആണ് സാധ്യത, ഒപ്പം ഓസിൽ, ടൊറേറ തുടങ്ങിയവർ തിരിച്ചെത്തുമോ സ്പാനിഷ് താരം സെബലാസിന്റെ എമിറേറ്റ്‌സ് അരങ്ങേറ്റം കാണുമോ എന്നതും കണ്ടറിയണം അങ്ങനെയെങ്കിൽ യുവതാരം ജോ വിലോക്ക് പുറത്തിരിക്കും. മുന്നേറ്റത്തിൽ ബേർൺലിക്കെതിരെ കഴിഞ്ഞ 3 മത്സരങ്ങളിൽ 6 ഗോളുകൾ നേടിയ ഒബാമയാങ് തന്റെ ഗോളടി മികവ് തുടരാൻ ആവും കളത്തിൽ ഇറങ്ങുക. ഒപ്പം റെക്കോർഡ് വിലക്ക് ആഴ്സണലിൽ എത്തിയ പെപ്പ ആദ്യ പതിനൊന്നിൽ ഇറങ്ങാൻ ആവും ആരാധകർ കാത്തിരിക്കുന്നത്. അങ്ങനെയെങ്കിൽ യുവതാരം നെൽസൺ ബെഞ്ചിൽ ഇരിക്കേണ്ടി വരും. ഒപ്പം പരിക്കിൽ നിന്നു മുക്തനായ ഫ്രഞ്ച് താരം അലക്‌സാണ്ടർ ലാകസെറ്റയും സീസണിലെ തന്റെ ആദ്യ മത്സരം കളിക്കാൻ ആവുമെന്ന പ്രതീക്ഷയിൽ ആണ്. വമ്പൻ ജയത്തോടെ എമിറേറ്റ്‌സിൽ ഈ സീസൺ തുടങ്ങാൻ ആവും എമറെയും സംഘത്തിന്റെയും ശ്രമം. ശനിയാഴ്ച ഇന്ത്യൻ സമയം 5 മണിക്കാണ് മത്സരം, ഇന്ത്യയിൽ സ്റ്റാർ സ്‌പോർട്‌സിലും ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.