Local Sports News in Malayalam

പോ‌ച്ചറ്റീനോ പൂട്ടുമോ ഗാർഡിയോളയുടെ ചാമ്പ്യന്മാരെ?

പ്രീമിയർ ലീഗിലെ രണ്ടാമത്തെ ആഴ്ചയും പ്രീമിയർ ലീഗിനെ കാത്ത് വമ്പൻ പോരാട്ടം. ഇത്തവണ ലീഗിലെ ആദ്യ സൂപ്പർ ശനിയാഴ്ചയിൽ പ്രീമിയർ ലീഗ് ജേതാക്കൾ ആയ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരാളി ചാമ്പ്യൻസ് ലീഗ് രണ്ടാം സ്ഥാനക്കാർ ആയ ടോട്ടനം ഹോട്ട്സ്പർ. പ്രീമിയർ ലീഗിൽ കഴിഞ്ഞ 4 തവണയും സിറ്റി ടോട്ടനത്തിനു മേൽ ജയം കണ്ടപ്പോൾ കഴിഞ്ഞ തവണ ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ പുറത്തതാക്കിയ ടോട്ടനം തങ്ങൾ നിസ്സാരർ അല്ല എന്ന് തെളിയിച്ചിരുന്നു. എന്നാൽ എത്തിഹാദിൽ കഴിഞ്ഞ 9 പ്രീമിയർ ലീഗ് മത്സരങ്ങളിൽ ഒരു തവണ മാത്രം ജയിക്കാനെ ടോട്ടനത്തിനു ആയിട്ടുള്ളു. കഴിഞ്ഞ സീസണിലെ അവസാന 6 എവേ മത്സരങ്ങളും തോറ്റ ടോട്ടനം തുടർച്ചയായ 7 മത്തെ എവേ മത്സരത്തിലെ തോൽവി ഒഴിവാക്കാൻ ആവും ശ്രമിക്കുക. സിറ്റിയാവട്ടെ 1989-90 സീസണു ശേഷം ലീഗിൽ സ്വന്തം മൈതാനത്തെ ആദ്യമത്സരത്തിൽ തോൽവി അറിഞ്ഞിട്ടില്ല എന്ന റെക്കോർഡിന്റെ ആത്മവിശ്വാസവുമായാണ് കളത്തിൽ ഇറങ്ങുക.

അതിനാൽ തന്നെ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച രണ്ട് ടീമുകളും ലോകത്തിലെ ഏറ്റവും മികച്ച രണ്ട് പരിശീലകരും തമ്മിലുള്ള പോരാട്ടം തീപാറും എന്നുറപ്പാണ്. പ്രത്യേകിച്ച് മികച്ച ജയത്തോടെ ഇരു ടീമുകളും തങ്ങളുടെ ആദ്യമത്സരം ഗംഭീരമാക്കിയ സ്ഥിതിക്ക്. ആദ്യ മത്സരത്തിൽ റഹീം സ്റ്റെർലിങ് ഹാട്രിക് നേടിയപ്പോൾ എതിരില്ലാത്ത 5 ഗോളുകൾക്കാണ് സിറ്റി വെസ്റ്റ് ഹാമിനെ തകർത്തത്. സ്റ്റെർലിങിനു പുറമെ അഗ്യൂറോ, ഗബ്രിയേൽ ജീസസ് എന്നിവരും ലക്ഷ്യം കണ്ട മത്സരം സിറ്റിയുടെ സംഹാരശേഷി എടുത്തുകാണിക്കുന്നത് ആയിരുന്നു. എന്നാൽ ആദ്യ പകുതിയിൽ പിറകെ നിന്ന ശേഷം വീണ്ടുമൊരിക്കൽ കൂടി തങ്ങളുടെ പോരാട്ടവീര്യം കൊണ്ട് തിരിച്ച് വന്നു ആസ്റ്റൺ വില്ലയെ 3-1 നു തോൽപ്പിച്ച ടോട്ടനവും തങ്ങൾ പിറകിൽ അല്ല എന്ന സൂചന നൽകി. ഹാരി കെയ്ൻ ഇരട്ടഗോൾ നേടിയ മത്സരത്തിൽ പുതിയ താരം എൻഡോബലെയും ലക്ഷ്യം കണ്ടു. 31 തവണ മത്സരത്തിൽ ഷോട്ടുതിർത്ത ടോട്ടനം തങ്ങളെ കിരീടപോരാട്ടത്തിൽ നിന്ന് അത്ര എളുപ്പം എഴുതിതള്ളാൻ ആവില്ലെന്ന സൂചന തന്നെയാണ് നൽകിയത്. അതിനാൽ തന്നെ ഇരു ടീമുകളും ശനിയാഴ്ച രാത്രി ഇന്ത്യൻ സമയം 10 മണിക്ക് സിറ്റിയുടെ എത്തിഹാദിൽ നേർക്കുനേർ വരുമ്പോൾ മികച്ച പോരാട്ടം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുക.

എല്ലാനിലക്കും സുശക്തമാണ് സിറ്റി. ഗോൾ വലക്ക് മുന്നിൽ എഡേർസൻ നിൽക്കുമ്പോൾ ലപ്പോർട്ടിന്റെയും മെന്റിയുടേതും അഭാവത്തിൽ ആ കുറവ് അറിയിക്കാതെ പ്രതിരോധം കാക്കുന്ന സ്റ്റോൺസ്, ഒട്ടമെന്റി, വാൽക്കർ, ഷിവ്ഷെങ്കോ എന്നിവർ ആവും ടോട്ടനത്തിനു എതിരെയും കളത്തിൽ ഇറങ്ങുക. കയറികളിക്കുന്ന ഫുൾബാക്കുമാർ, വലതു ഭാഗത്ത് മുൻ ടോട്ടനം താരം കൂടിയായ വാൽക്കറും ഇടത് ഭാഗത്ത് ഷിവ്ഷെങ്കോയും ടോട്ടനം പ്രതിരോധത്തിന് തലവേദന സൃഷ്ടിക്കും എന്നുറപ്പാണ്. മധ്യനിരയിൽ ഫെർണാണ്ടാനീയോയുടെ പകരക്കാരനായി സിറ്റി ടീമിൽ എത്തിച്ച റോഡിഗ്രോ ആദ്യമത്സരത്തിൽ തന്റെ മികവ് പുറത്തെടുത്തിരുന്നു. ടോട്ടനത്തിനു എതിരെയും റോഡിഗ്രോയുടെ മധ്യനിരയിലെ പ്രകടനം നിർണായകമാവും. ഒപ്പം കഴിഞ്ഞ മത്സരത്തിൽ ഇറങ്ങിയ കെവിൻ ഡുബ്രെയിന, റഹീം സ്റ്റെർലിങ്, ഡേവിഡ് സിൽവ, റിയാദ് മാഹ്രസ് എന്നിവർ മധ്യനിരയിലും മുന്നേറ്റത്തിലും ഏതൊരു പ്രതിരോധത്തിനും പേടിസ്വപ്നം നൽകും. കഴിഞ്ഞ മത്സരത്തിൽ ആദ്യപതിനൊന്നിൽ എത്തിയ ഗബ്രിയേൽ ജീസസ് ആവുമോ അഗ്യൂറോ ആവുമോ ടോട്ടനത്തിനെതിരെ മുന്നേറ്റത്തിൽ എന്നു കണ്ടറിയണം. ഒപ്പം കഴിഞ്ഞ സീസണിൽ സിറ്റിക്കായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത ബെർണാഡോ സിൽവ ആദ്യ പതിനൊന്നിൽ എത്തുമോ എന്നും കാത്തിരുന്നു കാണണം. കൂടാതെ കഴിഞ്ഞ സീസണിൽ ടോട്ടനത്തിനു എതിരെ ഗോൾ നേടിയ ഫോഡനും തന്റെ അവസരം കാത്തിരിക്കുകയാണ്. ടോട്ടനത്തിനെതിരെ എന്നും മികച്ച റെക്കോർഡ് ഉള്ള റഹീം സ്റ്റെർലിങ്, സെർജിയോ അഗ്യൂറോ എന്നിവരുടെ സാന്നിധ്യം സിറ്റിക്ക് വലിയ മുൻതൂക്കം നൽകും എന്നത് ഉറപ്പാണ്‌.

മറുവശത്ത് ടോട്ടനം ആകട്ടെ ട്രാസ്ഫർ മാർക്കറ്റിൽ അത്ഭുതങ്ങൾ ആണ് കാണിച്ചത്. മികച്ച താരങ്ങളെ ഒന്നിന് പിറകെ ഒന്നായി ടീമിൽ എത്തിച്ച അവർ ചാമ്പ്യൻസ് ലീഗിലെ ഫൈനൽ പ്രവേശനം പോലെ കിരീടങ്ങൾക്കായുള്ള പോരാട്ടങ്ങൾക്ക് ശക്തമായ ഒരു ടീമിനെയാണ് ഒരുക്കിയത്. അതിനുള്ള ഫലം ആയിരുന്നു ആദ്യ മത്സരത്തിൽ പല പ്രമുഖതാരങ്ങൾ ഇല്ലാതെയും കണ്ടത്. എന്നും വിശ്വസ്ഥനായ ക്യാപ്റ്റൻ ഹ്യൂഗോ ലോറിസ് ഗോൾ വല കാക്കുമ്പോൾ കഴിഞ്ഞ മത്സരത്തിൽ എന്ന പോലെ ആൾഡവെരാൾ, സാഞ്ചസ് സഖ്യം ആവും പ്രതിരോധത്തിൽ ചിലപ്പോൾ പരിചയസമ്പന്നനായ വെർത്തോങ്ങൻ ടീമിൽ തിരിച്ചും എത്തിയേക്കാം. ഓറിയരുടെ അഭാവത്തിൽ വലത് ബാക്ക് ആയി യുവ താരം വാൽട്ടർ പീറ്റേർസും ഇടത് ഡാനി റോസും തുടർന്നേക്കും. പുതുതായി ടീമിൽ എത്തിയ റയാൻ സെസേനിയോൻ ചിലപ്പോൾ ബെഞ്ചിൽ ഇടം പിടിച്ചേക്കും. മധ്യനിരയിൽ അധ്യാനിച്ച് കളിക്കുന്ന പോച്ചറ്റീനയുടെ വിശ്വസ്ഥൻ മുസ്സോ സിസോക്കോക്ക് ഒപ്പം ആദ്യ മത്സരത്തിൽ തിളങ്ങിയ എൻഡോബ ഇറങ്ങും എന്നു ഏതാണ്ട് ഉറപ്പാണ്‌. കഴിഞ്ഞ തവണ ബെഞ്ചിൽ നിന്നു വന്ന് കളി മാറ്റിയ ക്രിസ്ത്യൻ എറിക്സൻ ആവും ഇത്തവണയും ടോട്ടനത്തിനു ഏറ്റവും നിർണായകമാവുന്ന താരം.

ലമേലക്കോ, വിങ്ക്സിനോ പകരം എറിക്സനെ പോച്ചറ്റീന ആദ്യ പതിനൊന്നിൽ കൊണ്ടുവരും എന്നുറപ്പാണ്. ലൂക്കാസ് മോറയുടെ വേഗം ടോട്ടനത്തിനു കരുത്താകും. മുന്നേറ്റത്തിൽ എന്നത്തേയും പോലെ തന്റെ ഗോൾവേട്ട ആദ്യ മത്സരത്തിൽ തന്നെ ആരംഭിച്ച ഹാരി കെയിൻ തന്നെയാവും ടോട്ടനത്തിന്റെ പ്രധാന കുന്തമുന. എന്നാൽ കഴിഞ്ഞ ചാമ്പ്യൻസ് ലീഗിൽ സിറ്റിയെ തകർക്കുന്നതിൽ നിർണായക പങ്ക് വഹിച്ച സോൺ സസ്‌പെൻഷൻ മൂലം ഈ മത്സരവും കളിക്കില്ല എന്നത് ടോട്ടനത്തിനു തിരിച്ചടിയാണ്. അലി, ഫോയ്ത്ത്, ബെൻ ഡേവിസ്, വന്യാമ തുടങ്ങിയ താരങ്ങൾ പരിക്കിലാണ്. പുതുതായി ടീമിലെത്തിയ അർജന്റീനൻ താരം ലോ സെലസോക്ക് മത്സരത്തിൽ അരങ്ങേറാൻ അവസരം പോച്ചറ്റീന നൽകുമോ എന്നത് ആരാധകർ ഉറ്റുനോക്കുന്ന കാര്യമാണ്‌. ഒന്നുറപ്പാണ് ഇത്തവണ എത്തിഹാദിൽ സിറ്റിക്ക് അത്ര എളുപ്പമൊന്നുമാവില്ല ടോട്ടനത്തെ മറികടക്കൽ. മറ്റൊരു തീപാറും സൂപ്പർ പോരാട്ടത്തിന് തന്നെയാവും ഇന്ന് പ്രീമിയർ ലീഗ് സാക്ഷ്യം വഹിക്കുക. ജയത്തോടെ തങ്ങളുടെ കിരീടം നിലനിർത്താനുള്ള പോരാട്ടം തുടരാൻ സിറ്റിയും കിരീടപോരാട്ടത്തിലേക്കെത്താൻ ടോട്ടനവും ഇറങ്ങുമ്പോൾ കളി പുതിയ ഉയരങ്ങൾ തൊടുമെന്നുറപ്പാണ്.

You might also like