ഓൾഡ്ട്രാഫോർഡിൽ തീപാറിയ ത്രില്ലർ, അവസാന മിനുട്ടിൽ മാഞ്ചസ്റ്ററിനെ രക്ഷിച്ച് ലുകാകു!!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇതാണ് ത്രില്ലർ… മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫുട്ബോൾ ആരാധകർ കണ്ടു ശീലിച്ച പഴയ ക്ലാസിക്ക് ത്രില്ലർ. ഓൾഡ്ട്രാഫോർഡിൽ ആവേശം കൊണ്ട് തീപിടിച്ച മത്സരത്തിൽ 3-2ന്റെ മാസ്മരിക വിജയമാണ് യുണൈറ്റഡ് സൗത്താപ്ടണെതിരെ സ്വന്തമാക്കിയത്. അതും കളിയുടെ അവസാന നിമിഷത്തിൽ ലുകാകു നേടിയ ഗോളിൽ.

പരിക്ക് കാരണം പ്രധാന താരങ്ങൾ ഒന്നും ഇല്ലാതെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇറങ്ങിയതെങ്കിലും ഗംഭീര തുടക്കമാണ് യുണൈറ്റഡിന് ഇന്ന് ലഭിച്ചത്. ആദ്യ അഞ്ചു മിനുറ്റുകൾക്ക് ഇടയിൽ തന്നെ സൗത്താമ്പ്ടൺ ഗോൾകീപ്പർക്ക് മൂന്ന് ഗംഭീര സേവുകൾ നടത്തേണ്ടി വന്നു യുണൈറ്റഡിനെ തടയാൻ. പക്ഷെ കളി നന്നായി തുടങ്ങിയത് യുണൈറ്റഡ് ആണെങ്കിലും അപ്രതീക്ഷിതമായി ഒരു ലോകോത്തര സ്ട്രൈക്കിൽ സന്ദർശകർ മുന്നിൽ എത്തി. സൗതാപ്ടന്റെ റൈറ്റ് ബാക്ക് വരാലിയാണ് 25 വാരെ അകലെ നിന്ന് ഒരു സ്ക്രീമറിലുടെ ഡിഹിയയെ കീഴ്പ്പെടുത്തിയത്.

ആ ഗോളിന്റെ ലീഡ് ആദ്യ പകുതി മുഴുവൻ കാത്തു സൂക്ഷിക്കാൻ സൗതാപ്ടണായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒലെ നടത്തിയ മാറ്റമാണ് യുണൈറ്റഡ് അറ്റാക്കിന് വീണ്ടും ജീവൻ നൽകിയത്. സാഞ്ചേസിന് പകരം എത്തിയ ഡാലോട്ട് മിനുട്ടുകൾക്കകം തന്റെ വരവറിയിച്ച് യുണൈറ്റഡ് അറ്റാക്കുകൾക്ക് മൂർച്ച് കൂട്ടി. ഡാലോട്ടിന്റെ ഒരു പാസിൽ നിന്ന് പന്ത് സ്വീകരിച്ച ബ്രസീലിയൻ താരം പെരേര മറ്റൊരു ലോകോത്തര ഗോളിലൂടെ മാഞ്ചസ്റ്ററിന് ശ്വാസം തിരികെ നൽകി. പെരേരയുടെ ആദ്യ പ്രീമിയർ ലീഗ് ഗോളായിരുന്നു ഇത്.

പിന്നീട് അധികം താമസിയാതെ പെരേരയുടെ അസിസ്റ്റിൽ നിന്ന് ലുകാകുവിന്റെ ഒരു ഗ്രൗണ്ടറിലൂടെ മാഞ്ചസ്റ്റർ 2-1 എന്ന നിലയിൽ മുന്നിലെത്തി. എന്നാൽ പരാജയം സമ്മതിക്കാൻ സൗതാമ്പ്ടൺ ഒരുക്കമായിരുന്നില്ല. ഫുട്ബോൾ ആരാധകർക്ക് കണ്ണിന് കുളിർമ്മയേകിയ മറ്റൊരു ഗോൾ കൂടെ ഓൾഡ്ട്രാഫോർഡിൽ പിറന്നു. ഇത്തവണ സൗതാമ്പ്ടൺ ഒരു ഫ്രീകിക്കിൽ നിന്ന് നേടിയ ഗോൾ കളി 2-2 എന്നാക്കി.

പിന്നെ കളിയിൽ ഇരുടീമുകളും ജയം കണ്ടെത്താനുള്ള പോരായിരുന്നു. അവസാനം 89ആം മിനുട്ടിൽ സാക്ഷാൽ സർ അലക്സ് ഫെർഗൂസണെ സാക്ഷിയാക്കി ലുകാകു യുണൈറ്റഡിന്റെ വിജയ ഗോൾ നേടി. ലുകാകു തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇരട്ട ഗോളുകൾ നേടുന്നത്. കളിയുടെ അവസാനം നാലാം ഗോൾ നേടാൻ യുണൈറ്റഡിന് അവസരം ഉണ്ടായെങ്കിലും പോഗ്ബ പെനാൾട്ടി നഷ്ടമാക്കിയത് വിനയായി.

ഈ വിജയത്തോടെ 59 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ലീഗിൽ നാലാമത് എത്തി.