ഒടുവിൽ ഔദ്യോഗിക പ്രഖ്യാപനം വന്നു, ആഴ്‌സണൽ പ്രതിരോധം ഇനി ബെൻ വൈറ്റ് കാക്കും. ഏതാണ്ട് 50 മില്യൺ പൗണ്ടിനാണ് ആഴ്‌സണൽ ബ്രൈറ്റനിൽ നിന്നു വൈറ്റിനെ സ്വന്തമാക്കിയത്. സാമൂഹിക മാധ്യമങ്ങളിൽ ആണ് ബെൻ വൈറ്റ് ടീമിലെത്തിയ കാര്യം ആഴ്‌സണൽ പുർത്ത് വിട്ടത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തിയ വൈറ്റിനായി ആഴ്‌സണൽ മുടക്കുന്ന തുക കൂടുതൽ ആണെന്ന ആശങ്ക പല ഇടത്ത് നിന്നു ഉയരുന്നുണ്ട്. ആഴ്‌സണൽ ഒരു താരത്തിന് ആയി മുടക്കുന്ന ഏറ്റവും വലിയ മൂന്നാമത്തെ തുകയാണ് ബെൻ വൈറ്റിന് ആയി മുടക്കിയത്. വില്യം സാലിബയെ വീണ്ടും ലോണിൽ അയച്ചു വൈറ്റിനെ കൊണ്ടു വരുന്ന എഡുവിന്റെയും ആർട്ടറ്റെയുടെയും നീക്കം ആഴ്‌സണലിന് നേട്ടം ആവുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്.
നാലാം നമ്പർ ജേഴ്‌സി ആവും ബെൻ ആഴ്‌സണലിൽ അണിയുക. 23 കാരനായ ബെൻ വൈറ്റ് സമീപകാലത്തെ മികവിന് ഇംഗ്ലീഷ് യൂറോ കപ്പ് ടീമിലും ഇടം പിടിച്ചിരുന്നു. 23 കാരനായ ബെൻ വൈറ്റ് ഡേവിഡ് ലൂയിസ് ഒഴിച്ചിട്ട പ്രതിരോധത്തിലെ ‘ബോൾ പ്ലെയിങ്’ പ്രതിരോധ താരത്തിന്റെ ഉത്തരവാദിത്വം നിറവേറ്റും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 23 കാരനായ ബെൻ വൈറ്റിനൊപ്പം കഴിഞ്ഞ സീസണിൽ ഇടക്ക് തിളങ്ങിയ ബ്രസീൽ യുവ താരം ഗബ്രീയലും അടങ്ങുന്ന പ്രതിരോധം വിജയം കണ്ടാൽ അത് ആഴ്‌സണലിന് വലിയ നേട്ടം ആവും. അതേസമയം ടീം വിടും എന്ന സൂചനയുള്ള സ്വിസ് താരം ഗ്രാനിറ്റ് ഷാക്കയെ ആഴ്‌സണൽ നിലനിർത്താൻ ശ്രമിക്കും എന്ന സൂചനകളും പുറത്ത് വന്നു.