പുരുഷന്മാരുടെ ഹൈജംപിൽ സ്വർണം പങ്ക് വച്ച് ഖത്തർ താരം എസ്സ ബാർഷിമും ഇറ്റാലിയൻ താരം ഇറ്റാലിയൻ താരം ജിയാൻമാർകോ തമ്പരിയും. 2.19 മീറ്റർ, 2.24 മീറ്റർ, 2.27 മീറ്റർ, 2.30 മീറ്റർ, 2.33 മീറ്റർ, 2.35 മീറ്റർ എന്നിവ ഒട്ടും പ്രയാസമില്ലാതെ ആദ്യ ശ്രമത്തിൽ തന്നെ ഇരുവരും മറികടക്കുന്നത് കാണാൻ സാധിച്ചത്. തുടർന്ന് രണ്ടു തവണ ലോക ജേതാവ് ആയ ബാർഷിമും ഇൻഡോർ ലോക ജേതാവ് ആയ ഇറ്റാലിയൻ താരവും 2.37 മീറ്റർ എന്ന ഉയരവും അനായാസം ആദ്യ ശ്രമത്തിൽ തന്നെ മറികടന്നു. എന്നാൽ 2.39 മീറ്റർ ഉയരം മറികടക്കാനുള്ള മൂന്നു ശ്രമത്തിലും ഇരു താരങ്ങളും പരാജയപ്പെട്ടപ്പോൾ ഇരുവരും സ്വർണം പങ്ക് വക്കാൻ സമ്മതിക്കുക ആയിരുന്നു. സ്വർണം നേടിയ ശേഷം ഭയങ്കര വികാരിതഭരിതമായാണ് നല്ല സുഹൃത്തുക്കൾ കൂടിയായ ഇരു താരങ്ങളും പ്രതികരിച്ചത്.
29 കാരനായ ഇറ്റാലിയൻ താരം ആനന്ദകണ്ണീർ അടക്കാൻ പാട് പെട്ടു. 2016 ൽ ഇൻഡോർ ലോക ചാമ്പ്യൻ ആയ ശേഷം റിയോ ഒളിമ്പിക്‌സ് താരത്തിന് പരിക്ക് മൂലം നഷ്ടമായിരുന്നു. അന്ന് ഫൈനൽ ഗാലറിയിൽ ഇരുന്നു കണ്ട താരം സ്വർണം നേടാൻ ഉറച്ചു തന്നെയാണ് ഇത്രയും കാലം കാത്തിരുന്നത് എന്നു തെളിയിക്കുന്ന വിധം ആയിരുന്നു താരത്തിന്റെ ആഘോഷപ്രകടനം. 100 മീറ്റർ ഫൈനലിൽ മറ്റൊരു ഇറ്റാലിയൻ താരം ജേക്കബ്സ് ജയിച്ചപ്പോഴും തുള്ളിച്ചാടിയ ജിയാൻമാർകോ മറക്കാൻ ആവാത്ത കാഴ്ചയായിരുന്നു. ഇരുവരും സ്വർണം പങ്ക് വച്ചതോടെ ബെലാറസ് താരം മാക്‌സിം വെങ്കല മെഡൽ നേടി. 2.35 മീറ്റർ ചാടാനുള്ള ശ്രമം പരാജയപ്പെട്ടപ്പോൾ അവസാന ശ്രമമായി 2.37 മീറ്റർ ആവശ്യപ്പെട്ട ബെലാറസ് താരം ഈ ഉയരം ആദ്യ ശ്രമത്തിൽ മറികടന്നു എങ്കിലും 2.39 മീറ്റർ താണ്ടാനുള്ള മൂന്നു ശ്രമവും പരാജയപ്പെട്ടു. ഇതോടെ സ്വർണ മെഡൽ ജേതാക്കളുടെ ഉയരം താണ്ടിയിട്ടും മുമ്പത്തെ ശ്രമത്തിൽ 2.35 മീറ്റർ ഉയരം മറികടക്കാൻ ആവാതിരുന്നതിനാൽ താരം വെങ്കലത്തിൽ ഒതുങ്ങി.