ലോങ് ജംപിൽ ലോക ജേതാവ് ആയ ശേഷം ഒളിമ്പിക് സ്വർണവും സ്വന്തം പേരിൽ കുറിച്ചു ജർമ്മൻ താരം മലൈക്ക മിഹാമ്പോ. ഫൈനലിൽ തന്റെ ആറാമത്തെയും അവസാനത്തെയും ചാട്ടത്തിൽ 7 മീറ്റർ താണ്ടിയാണ് താരം ഒളിമ്പിക് സ്വർണം സ്വന്തം പേരിലാക്കിയത്. അവസാന ചാട്ടത്തിൽ എത്തുമ്പോൾ 6.95 മീറ്റർ ചാടിയ മിഹാമ്പോ മൂന്നാം സ്ഥാനത്ത് ആയിരുന്നു. മുമ്പിൽ 6.97 മീറ്റർ ചാടിയ അമേരിക്കൻ താരം ബ്രിട്ടനി റീസും നൈജീരിയൻ താരം എസെ ബ്രൂമും ആയിരുന്നു. എന്നാൽ അവസാന ശ്രമത്തിൽ ഫൈനലിൽ കൃത്യം ഏഴു മീറ്റർ ചാടി ഏഴു മീറ്റർ കടന്ന ഏക താരമായി ജർമ്മൻ താരം സ്വർണം സ്വന്തമാക്കി.
തന്റെ ആദ്യ ശ്രമത്തിൽ തന്നെ 6.97 മീറ്റർ ചാടിയ ബ്രൂമാണ് തുടക്കത്തിൽ ആദ്യ സ്ഥാനത്ത് നിന്നത്. എന്നാൽ മൂന്നാം ശ്രമത്തിൽ 6.97 മീറ്ററും അഞ്ചാം ശ്രമത്തിൽ ബ്രൂമിന്റെ മറ്റ് ദൂരങ്ങളെക്കാൾ മികച്ച 6.95 മീറ്ററും ചാടിയ റീസ് ഒന്നാം സ്ഥാനത്തേക്ക് കയറി. അപ്പോഴും രണ്ടാം ശ്രമത്തിലെ 6.95 മീറ്റർ എന്ന ദൂരവും ആയി മിഹാമ്പോ മൂന്നാമത് ആയിരുന്നു. കൂടാതെ നാലു, അഞ്ചു ശ്രമങ്ങളിൽ ഫൗൾ വരുത്തിയത് താരത്തിന് സമ്മർദ്ദം സൃഷ്ടിച്ചു. എന്നാൽ ഇതിനെയെല്ലാം അവസാന ശ്രമത്തിൽ മറികടന്നാണ് മിഹാമ്പോ 7 മീറ്റർ കണ്ടത്തി ജർമനിക്ക് സ്വർണം സമ്മാനിച്ചത്.