ടോക്കിയോ ഒളിമ്പിക്‌സിൽ തന്റെ മൂന്നാം സ്വർണവും ആറാം മെഡലും നീന്തിയെടുത്തു ഓസ്‌ട്രേലിയൻ സൂപ്പർ താരം എമ്മ മക്കിയോൺ. ഇത്തവണ ഏറ്റവും ഗ്ലാമർ ഇനമായ 50 മീറ്റർ ഫ്രീസ്റ്റൈലിൽ വെറും 23.81 സെക്കന്റിൽ നീന്തിക്കയറിയ എമ്മ പുതിയ ഒളിമ്പിക് റെക്കോർഡ് അനായാസം മറികടന്നു. ഇതോടെ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടുന്ന ഓസ്‌ട്രേലിയൻ വനിത താരമായി എമ്മ മാറി. ഇനി 4×100 മീറ്റർ വനിത മെഡലെ റിലെയിലും എമ്മ മത്സരിക്കുന്നുണ്ട്.
അതും കൂടി മെഡൽ നേടാൻ ആയാൽ എമ്മ ചരിത്രത്തിൽ ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ മെഡൽ നേടുന്ന താരവും ആവും. ഓസ്‌ട്രേലിയൻ ടീമിന്റെ ഒമ്പതാം സ്വർണം കൂടിയാണ് ഇത്. അതേസമയം സ്വീഡന്റെ സാറയാണ് ഈ ഇനത്തിൽ വെള്ളി മെഡൽ നേടിയത്. ഡെന്മാർക്ക് താരം പെർനില ബ്ലൂം ഈ ഇനത്തിൽ വെങ്കലവും നേടി.