ഓസ്‌ട്രേലിയ! 4×100 മീറ്റർ മെഡലെ റിലെയിൽ ഒളിമ്പിക് റെക്കോർഡുമായി സ്വർണം, എമ്മക്ക് ഏഴാം മെഡൽ!

ടോക്കിയോ ഒളിമ്പിക്‌സിൽ വനിതകളുടെ 4×100 മീറ്റർ മെഡലെ റിലെയിൽ ഒളിമ്പിക് റെക്കോർഡ് നേട്ടവുമായി ഓസ്‌ട്രേലിയ സ്വർണം സ്വന്തം പേരിൽ കുറിച്ചു. കടുത്ത പോരാട്ടം കണ്ട നീന്തലിൽ അമേരിക്കയുടെ വലിയ വെല്ലുവിളി അതിജീവിച്ചാണ് ഓസ്‌ട്രേലിയ സ്വർണം സ്വന്തം പേരിൽ കുറിച്ചു പുതിയ റെക്കോർഡ് ഇട്ടത്. ബാക്സ്ട്രോക്കിൽ 100 മീറ്റർ വ്യക്തിഗത ജേതാവ് കെയ്‌ലി മക്കിയോൺ ആണ് ഓസ്‌ട്രേലിയക്ക് ആയി ഇറങ്ങിയത്. എന്നാൽ ആദ്യ ലാപ്പിൽ കാനഡ മുന്നിലെത്തി. തൊട്ടു പിറകിലായി അമേരിക്ക ഉള്ളപ്പോൾ ഓസ്‌ട്രേലിയ മൂന്നാമത് ആയിരുന്നു.

രണ്ടാം ലാപ്പിൽ ബ്രസ്റ്റ് സ്ട്രോക്കിനു ശേഷം അമേരിക്ക ബഹുദൂരം മുന്നിലെത്തി എന്നാൽ മൂന്നാം ലാപ്പിൽ ബട്ടർഫ്ലെയിൽ തന്റെ മികവ് കാണിച്ച എമ്മ മക്കിയോൺ അമേരിക്കൻ ലീഡ് കുറച്ചു കൊണ്ടു വന്നു. തുടർന്നു ഫ്രീസ്റ്റൈലിൽ അവസാന ലാപ്പിൽ കെയിറ്റ് കാമ്പൽ അമേരിക്കയെ മറികടന്നു 3 മിനിറ്റ് 51.60 സെക്കന്റിൽ ഒളിമ്പിക് റെക്കോർഡ് നേട്ടവുമായി ഓസ്‌ട്രേലിയക്ക് സ്വർണം സമ്മാനിച്ചു. 3 മിനിറ്റ് 51.73 സെക്കന്റിൽ തൊട്ട് പിന്നിലാണ് അമേരിക്ക വെള്ളി മെഡലിൽ ഒതുങ്ങിയത്. കാനഡക്ക് ആണ് വെങ്കലം. 1952 ഒളിമ്പിക്സിന് ശേഷം 7 മെഡലുകൾ ഒരു ഒളിമ്പിക്‌സിൽ നേടുന്ന ആദ്യ താരമായും 50, 100 മീറ്റർ ഫ്രീസ്റ്റൈൽ വ്യക്തിഗത സ്വർണ മെഡൽ ജേതാവ് ആയ എമ്മ മാറി. ഇതിൽ 4 എണ്ണവും സ്വർണ മെഡലുകൾ കൂടിയാണ്.