ന്യൂകാസിൽ യുണൈറ്റഡ് 3-3 മാഞ്ചസ്റ്റർ സിറ്റി
ഇന്ന് ന്യൂകാസിൽ യുണൈറ്റഡിന്റെ ഗ്രൗണ്ടിൽ കണ്ടത് ഒരു ക്ലാസിക് മത്സരമായിരുന്നു. ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ലീഗിലെ പുതിയ ശക്തികളാകാൻ വലിയ ഇൻവെസ്റ്റ്മെന്റ് നടത്തിയ ന്യൂകാസിലിനെ നേരിട്ട ഇന്ന് കാണാൻ കഴിഞ്ഞ അത്ര മികച്ച മത്സരമായിരുന്നു. അടിയും തിരിച്ചടിയും കണ്ട മത്സരം 3-3 എന്ന നിലയിലാണ് അവസാനിച്ചത്.
ഇന്ന് തുടക്കത്തിൽ തന്നെ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തി. അഞ്ചാം മിനുട്ടിൽ ഗുണ്ടോഗൻ ആയിരുന്നു സിറ്റിക്ക് ലീഡ് നൽകിയത്. ഈ ഗോൾ പിറന്നപ്പോൾ ഒരു സ്വാഭാവിക മാഞ്ചസ്റ്റർ സിറ്റി വിജയം ഏവരും പ്രതീക്ഷിച്ചു. പക്ഷെ എഡി ഹോയുടെ ന്യൂകാസിൽ അങ്ങനെ എളുപ്പം കീഴടങ്ങാൻ ഉദ്ദേശിച്ചിരുന്നില്ല. അലക്സ് മാക്സിമിന്റെ മികവിൽ ന്യൂകാസിൽ സിറ്റിക്ക് എതിരെ തുടർ ആക്രമണങ്ങൾ നടത്തി.
28ആം മിനുട്ടിൽ മാക്സിമിൻ നൽകിയ ക്രോസ് ആൽമിറോൺ ലക്ഷ്യത്തിൽ എത്തിച്ചപ്പോൾ ആദ്യം ഓഫ്സൈഡ് ഫ്ലാഗ് ഉയർന്നു. പക്ഷെ വാർ പരിശോധനയിൽ ആ ഗോൾ അനുവദിച്ച്. സ്കോർ 1-1. 39ആം മിനുട്ടിൽ വീണ്ടും മാക്സിമന്റെ ഒരു ക്രിയേറ്റീവ് ടച്ച്. പാസ് സ്വീകരിച്ച് കാലം വിൽസൺ എഡേഴ്സണെ മറികടന്ന് ന്യൂകാസിലിന് ലീഡ് നൽകി. സ്കോർ 2-1
രണ്ടാം പകുതിയിൽ കളിയിലേക്ക് തിരികെ വരാൻ സിറ്റി ശ്രമിക്കുന്നതിനിടയിൽ ന്യൂകാസിലിന് ഒരു ഫ്രീകിക്ക് കിട്ടി. 54ആം മിനുട്ടിൽ ട്രിപ്പിയ എടുത്ത ഫ്രീകിക്ക് ആർക്കും തടയാൻ ആകാത്ത അത്ര സുന്ദരമായിരുന്നു. സ്കോർ 3-1.
ന്യൂകാസിൽ വിജയത്തിലേക്ക് പോവുകയാണെന്ന് തോന്നിയ നിമിഷം. പക്ഷെ എതിർവശത്ത് ഉള്ളത് ചാമ്പ്യന്മാർ ആണ് എന്നത് സിറ്റി തെളിയിക്കുന്നതാണ് പിന്നെ കണ്ടത്. 61ആം മിനുട്ടിൽ ഒരു പൗച്ചറിന്റെ ഫിനിഷോടെ ഹാളണ്ട് സിറ്റിക്ക് അവരുടെ രണ്ടാം ഗോൾ നൽകി. സ്കോർ 3-2. അപ്പോഴും ഒരു ഗോൾ പിറകിൽ.
മൂന്ന് മിനുട്ട് കഴിഞ്ഞ് ബെർണാഡോ സിൽവയുടെ വക സമനില ഗോൾ. കെവിൻ ഡി ബ്രുയിന്റെ മനോഹര പാസിൽ നിന്നായിരുന്നു ഈ ഗോൾ. സ്കോർ 3-3. സിറ്റി കളിയിൽ കൂടുതൽ ആധിപത്യം പുലർത്താൻ തുടങ്ങി. ഇതിനിടയിൽ ന്യൂകാസിൽ താരം ട്രിപ്പിയക്ക് റഫറി ചുവപ്പ് കാർഡ് നൽകുകയും വാർ റിവ്യൂവിന് ശേഷം ആ ചുവപ്പ് പിൻവലിച്ച് മഞ്ഞ കാർഡ് ആക്കുകയും ചെയ്തു.
കളിയുടെ അവസാനം വരെ രണ്ട് ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം ഉണ്ടായില്ല.
മാഞ്ചസ്റ്റർ സിറ്റിക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റും ന്യൂകാസിലിന് അഞ്ച് പോയിന്റുമാണ് ഉള്ളത്.