പാക്കിസ്ഥാനെ വിറപ്പിച്ച് കീഴടങ്ങി നെതര്‍ലാണ്ട്സ്, അഞ്ച് വിക്കറ്റുമായി തിളങ്ങി നസീം ഷാ

പാക്കിസ്ഥാനെ 206 റൺസിനൊതുക്കിയെങ്കിലും വിജയം നേടാനാകാതെ നെതര്‍ലാണ്ട്സ്. ഇന്ന് മൂന്നാം ഏകദിനത്തിൽ ടീം അവസാനം വരെ പൊരുതിയെങ്കിലും 197 റൺസ് മാത്രമേ നെതര്‍ലാണ്ട്സിന് നേടാനായുള്ളു. 9 റൺസ് വിജയവുമായി പാക്കിസ്ഥാന്‍ തടിതപ്പുകയായിരുന്നു. നെതര്‍ലാണ്ട്സ് 49.2 ഓവറിൽ ഓള്‍ഔട്ട് ആകുകയായിരുന്നു.

വിക്രംജിത്ത് സിംഗ് 50 റൺസും ടോം കൂപ്പര്‍ 62 റൺസും നേടിയെങ്കിലും മറ്റുള്ളവരിൽ നിന്ന് കാര്യമായ സഹകരണം വരാതിരുന്നതും നെതര്‍ലാണ്ട്സിന് തിരിച്ചടിയായി. 24 റൺസ് നേടിയ തേജയാണ് പൊരുതി നോക്കിയ മറ്റൊരു താരം. അഞ്ച് വിക്കറ്റ് നേടിയ നസീം ഷായാണ് പാക്കിസ്ഥാന്റെ രക്ഷകനായി മാറിയത്.

നേരത്തെ 91 റൺസുമായി ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ സ്കോറിന് മാന്യത പകര്‍ന്നത്. അഗ സൽമാന്‍ 24 റൺസും നവാസ് 27 റൺസും നേടിയപ്പോള്‍ 49.4 ഓവറിൽ പാക്കിസ്ഥാന്‍ 206 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. നെതര്‍ലാണ്ട്സിന് വേണ്ടി ബാസ് ഡി ലീഡ് 3 വിക്കറ്റും വിവിയന്‍ കിംഗ്മ രണ്ട് വിക്കറ്റും നേടി.

 

Story Highlights: Naseem Shah fifer helps Pakistan edge past Netherlands in a thrilling 9 runs win.