ന്യൂകാസിലിനെതിരെ സ്പർസിന്റെ വെടിക്കെട്ട്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് 4നായി പോരാടുന്ന സ്പർസിന് ഒരു ഗംഭീര വിജയം. ഇന്ന് ലണ്ടണിൽ വെച്ച ന്യൂകാസിൽ യുണൈറ്റഡിനെ നേരിട്ട സ്പർസ് ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്‌. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷമായിരുന്നു കോണ്ടയുടെ ടീമിന്റെ തിരിച്ചടി. 39ആം മിനുട്ടിൽ ഷാറിന്റെ ഒരു ഫ്രീകിക്കിലൂടെ ആയിരുന്നു ന്യൂകാസിൽ ലീഡ് എടുത്തത്. സ്പർസിനെ അത് ഞെട്ടിച്ചു എങ്കിലും പെട്ടെന്ന് തന്നെ തിരിച്ചടിയുണ്ടായി.
20220403 223621
43ആം മിനുട്ടിൽ സോണിന്റെ അസിസ്റ്റിൽ നിന്ന് ബെൻ ഡേവിസ് ആണ് സമനില നേടിക്കൊടുത്തത്. രണ്ടാം പകുതിയിൽ സ്പർസ് അറ്റാക്കിന്റെ മൂർച്ച കൂട്ടി. 48ആം മിനുട്ടിൽ കെയ്നിന്റെ അസിസ്റ്റിൽ നിന്ന് ഡൊഹേർടിയുടെ ഫിനിഷ് വന്നു‌. സ്പർസ് 2-1ന് മുന്നിൽ. പിന്നെ ഗോളൊഴുകി. 54ആം മിനുട്ടിൽ കുലുസവേസ്കിയുടെ അസിസ്റ്റിൽ നിന്ന് ഹ്യുങ് മിൻ സോണിന്റെ ഗോൾ‌‌. പിന്നാലെ 63ആം മിനുട്ടിൽ എമേഴ്സൺ റോയലും വല കണ്ടെത്തിയതോടെ സ്പർസ് മൂന്ന് പോയിന്റ് ഉറപ്പിച്ചു. പിന്നീട് 83ആം മിനുട്ടിൽ ബെർഗ്വൈനും സ്പർസിനായി വല കുലുക്കി.

ഈ വിജയത്തോടെ സ്പർസ് 30 മത്സരങ്ങളിൽ നിന്ന് 54 പോയിന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി. 54 പോയിന്റ് തന്നെയുള്ള ആഴ്സണൽ രണ്ട് മത്സരം കുറവാണ് കളിച്ചത് എങ്കിലും ഗോൾ ഡിഫറൻസിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്.