ദേശീയ വനിതാ ഹോക്കി ചാംപ്യൻഷിപ്പിങ് ഇന്ന് കൊല്ലത്ത് തുടക്കമാവും. കൊല്ലം ആസ്ട്രോ ടർഫ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക. ഇന്ന് വൈകിട്ട് 4.30ന് കേന്ദ്ര മന്ത്രി അനുരാഗ് സിങ് ടാക്കൂർ ചാംപ്യൻഷിപ് ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മന്ത്രിമാരായ മേഴ്‌സികുട്ടിയമ്മ, കെ രാജു,കേരള ഹോക്കി ബ്രാൻഡ് അംബാസിഡർ സുരേഷ് ഗോപി എം.പി, എൻ.കെ പ്രേമചന്ദ്രൻ എം.പി, എം. മുകേഷ് എം.എൽ.എ എന്നിവരും പങ്കെടുക്കും.
19 ദിവസത്തോളം നീണ്ടു നിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ മൊത്തം 45 ടീമുകൾ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളും കേന്ദ്ര സർവീസ് ടീമുകളും ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ട്. ഇന്ത്യൻ വനിത ടീമിന്റെയും ടോക്കിയോയിൽ നടക്കുന്ന ഒളിംപിക്സിനുള്ള ഇന്ത്യൻ വനിതാ ടീമിന്റെയും സെലെക്ഷൻ ഈ ടൂർണമെന്റിൽ വെച്ചായിരിക്കും നടക്കുക. രണ്ട് ഡിവിഷനുകളായാണ് മത്സരം നടക്കുക. ബി ഡിവിഷൻ മത്സരങ്ങൾ നാളെ തുടങ്ങി ഫെബ്രുവരി 1 വരെ തുടരും. എ ഡിവിഷൻ മത്സരങ്ങൾ ജനുവരി 30ന് തുടങ്ങി ഫെബ്രുവരി 9ന് അവസാനിക്കും.