ഫ്രഞ്ച് താരം ജോ വിൽഫ്രഡ് സോങയെ തകർത്ത് മൂന്നാം സീഡ് റാഫ നദാൽ വിംബിൾഡൺ നാലാം റൗണ്ടിലേക്ക് പ്രവേശിച്ചു. ക്യൂരിയോസിനെതിരെ രണ്ടാം റൗണ്ടിൽ പുറത്തെടുത്ത മാരക പ്രകടനം നദാൽ വീണ്ടും പുറത്തെടുത്തപ്പോൾ നേരിട്ടുള്ള സെറ്റുകൾക്കാണ് സോങയുടെ പരാജയം. മുമ്പ് പുൽമൈതാനത്തിൽ ഏറ്റുമുട്ടിയ ഏക മത്സരത്തിൽ ജയം നേടിയ സോങക്ക് പക്ഷെ ഒരു ഘട്ടത്തിൽ പോലും നദാലിന് വെല്ലുവിളി ഉയർത്താൻ ആയില്ല. ആദ്യ സെറ്റിൽ തന്നെ ഫ്രഞ്ച് താരത്തിന്റെ രണ്ടാം സർവീസ് തന്നെ ബ്രൈക്ക് ചെയ്ത നദാൽ എന്താണ് വരാൻ പോകുന്നത് എന്ന് തുടക്കത്തിലെ വ്യക്തമാക്കി. ഒരിക്കൽ കൂടി സോങയുടെ സർവീസ് മറികടന്ന നദാൽ 6-2 ന് ആദ്യ സെറ്റ് സ്വന്തമാക്കി.
രണ്ടാം സെറ്റിൽ സോങയുടെ മൂന്നാം സർവീസ് ബ്രേക്ക് ചെയ്ത നദാൽ രണ്ടാം സെറ്റിലും ആധിപത്യം പിടിച്ചു. 6-3 രണ്ടാം സെറ്റും നദാലിന് സ്വന്തം. തന്റെ ആറാം വിംബിൾഡൺ ഫൈനലും മൂന്നാം വിംബിൾഡൺ കിരീടവും ലക്ഷ്യമിടുന്ന നദാൽ 2011 നു ശേഷം ഫൈനലിൽ എത്താനുള്ള തന്റെ ശ്രമം ശരിയായ പാതയിൽ ആണെന്ന് വ്യക്തമാക്കി. പിഴവുകൾക്ക് പിറകെ പിഴവുകൾ ആവർത്തിച്ച സോങയുടെ രണ്ടാം സർവീസ് ബ്രൈക്ക് ചെയ്ത നദാൽ മത്സരം തന്റേതാക്കി. നിരാശ മുഖത്ത് പ്രകടമായ സോങ തന്റെ സർവീസിൽ 3 മാച്ച് പോയിന്റുകൾ രക്ഷിച്ച് എടുത്തെങ്കിലും കാത്തിരുന്ന തോൽവി ഒഴിവാക്കാൻ അത് മതിയായിരുന്നില്ല. 6-2 നു മൂന്നാം സെറ്റും മത്സരവും നദാലിന് സ്വന്തം. ക്യൂരിയോസിന് പിറകെ തന്റെ മാരക ഫോം തുടർന്ന നദാൽ അതിശക്തമായ മുന്നറിയിപ്പ് ആണ് തന്റെ എതിരാളികൾക്ക് ഈ പ്രകടങ്ങളിലൂടെ നൽകിയത്.