കുഞ്ഞു ലക്ഷദ്വീപിന്റെ അഭിമാനം ആയി മുബസ്സിന മുഹമ്മദ്. മെയ് 12 മുതൽ 22 വരെ ഫ്രാൻസിലെ നോർമണ്ടിയിൽ വച്ചു നടക്കുന്ന ലോക സ്‌കൂൾ മീറ്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലേക്ക് മുബസ്സിന യോഗ്യത നേടുക ആയിരുന്നു. ബുബനേശ്വറിൽ വച്ചു നടന്ന ട്രയൽസിൽ മികവ് കാണിച്ചു ആണ് ഇന്ത്യൻ ടീമിലേക്ക് മുബസ്സിന യോഗ്യത നേടിയത്. ലോങ് ജംമ്പിലും, 400 മീറ്റർ ഹർഡിൾസിലും ട്രയൽസിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മുബസ്സിന ഇന്ത്യൻ ടീമിൽ പ്രതിനിധീകരിക്കാൻ യോഗ്യത നേടുക ആയിരുന്നു. യോഗ്യത നേടിയെങ്കിലും മീറ്റിൽ പങ്കെടുക്കാൻ ലക്ഷക്കണക്കിന് രൂപ വേണം എന്നതിനാൽ തന്നെ സ്പോൺസർമാരോ സർക്കാരോ സഹായിക്കും എന്ന പ്രതീക്ഷയിൽ ആണ് താരം.
നിലവിൽ കേരളത്തിൽ കോഴിക്കോട് പുല്ലൂരപാറ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിച്ചു പരിശീലനം നടത്തുന്ന പത്താം ക്ലാസുകാരിയായ മുബസ്സിന കഴിഞ്ഞ വർഷം വരെ ലക്ഷദ്വീപിലെ സായ് സെന്ററിൽ അടക്കം പരിശീലനത്തിൽ ഏർപ്പെട്ടു ഉയർന്നു വന്ന താരം ആണ്. അതിനാൽ തന്നെ താരത്തിന്റെ മികവിൽ ലക്ഷദ്വീപിലെ പരിശീലകർ പരിമിതമായ സാഹചര്യത്തിലും വലിയ പങ്ക് തന്നെയാണ് വഹിച്ചത്. സമീപകാലത്ത് ലക്ഷദ്വീപിനു ആയും തന്റെ സ്‌കൂളിന് ആയും സംസ്ഥാന ദേശീയ തലങ്ങളിൽ മുബസ്സിന നിരവധി നേട്ടങ്ങൾ കൈവരിച്ചിരുന്നു. ലക്ഷദ്വീപിലെ ആന്ത്രോത്ത്, മിനിക്കോയി സ്വദേശിയാണ് മുബസ്സിന. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്ര ഭരണ പ്രദേശം ആയ ലക്ഷദ്വീപിന് മുബസ്സിനയുടെ നേട്ടം വലിയ അഭിമാനം തന്നെയാണ്.