റാഫേൽ ലിയോയുടെ മാന്ത്രിക ബൂട്ടിന് സ്തുതി! മിലാൻ ഡാർബി എ സി മിലാന് സ്വന്തം

20220903 232034

റാഫേൽ ലിയോ എന്ന പേര് ഫുട്ബോൾ പ്രേമികൾ ഇനിയും ശ്രദ്ധിച്ചില്ല എങ്കിൽ അവർ കാണാതെ പോകുന്ന ഒരു അത്ഭുത താരത്തിന്റെ അത്ഭുത പ്രകടനങ്ങൾ ആണെന്ന് പറയേണ്ടി വരും. ഇന്ന് ഇറ്റലിയിൽ നടന്ന മിലാൻ ഡാർബിയിൽ എ സി മിലാൻ മൂന്ന് പോയിന്റ് സ്വന്തമാക്കിയത് ലിയോയുടെ മികവിൽ ആയിരുന്നു. ഒരു ഗോളിന് പിറകിൽ പോയ ശേഷം 3-2ന്റെ വിജയം ഇന്ന് സാൻസിരോയിൽ നേടാൻ എ സി മിലാനായി.

20220903 230324

കളിയുടെ 21ആം മിനുട്ടിൽ ബ്രൊസോവിച് ആണ് ഇന്ന് ഇന്റർ മിലാനെ മുന്നിൽ എത്തിച്ചത്‌. 1-0ന് മുന്നിൽ എത്തിയതിന്റെ സന്തോഷം അടങ്ങും മുമ്പെ ഇന്റർ ആ ലീഡ് കളഞ്ഞു. 28ആം മിനുട്ടിൽ ടൊണാലി നൽകിയ പാസ് സ്വീകരിച്ച് ലിയോയുടെ ഒരു ഇടം കാലൻ ഷോട്ട് ഇന്റർ ഗോൾ കീപ്പർ ഹാൻഡെനോവിച് കണ്ടു പോലുമില്ല. സ്കോർ 1-1

രണ്ടാം പകുതിയിൽ 54ആം മിനുട്ടിൽ ജിറോഡ് എ സി മിലാന് ലീഡ് നൽകി‌. ഈ ഗോൾ ഒരുക്കിയതും ലിയോ ആയിരുന്നു‌. സ്കോർ 2-1. ആറ് മിനുട്ടിന് ശേഷം ലിയോ ഒരു ലെവൽ കൂടെ മുന്നിലേക്ക് വന്നു. പെനാൾട്ടി ബോക്സിൽ നൃത്തം ചെയ്തു കൊണ്ട് മുന്നേറിയ ലിയോ ഇന്റർ ഡിഫൻസിനെ ആകെ കീഴ്പ്പെടുത്തി കൊണ്ട് പന്ത് വലയിൽ എത്തിച്ചു. സ്കോർ 3-1
20220903 232046

67ആം മിനുട്ടിലെ ജെക്കോയുടെ ഗോൾ ഇന്ററിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു‌. സ്കോർ 3-2. പക്ഷെ ഇന്ററിന് പരാജയം ഒഴിവാക്കാൻ ആയില്ല. മിലാൻ കീപ്പർ മൈഗ്നന്റെ മികച്ച സേവുകൾ മിലാൻ ജയം ഉറപ്പിച്ചു.

5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 11 പോയിന്റുമായി എ സി മിലാൻ ഒന്നാം സ്ഥാനത്തും 9 പോയിന്റുമായി ഇന്റർ അഞ്ചാം സ്ഥാനത്തും നിൽക്കുന്നു‌‌