പകരം വീട്ടി ശ്രീലങ്ക, അഫ്ഗാനിസ്ഥാനെ വീഴ്ത്തി 4 വിക്കറ്റ് വിജയം

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിലെ പരാജയത്തിന് അഫ്ഗാനിസ്ഥാനോട് പകരം വീട്ടി ശ്രീലങ്ക. ഇന്ന് അഫ്ഗാനിസ്ഥാനെ 175/6 എന്ന സ്കോറിന് ഒതുക്കിയ ശേഷം ശ്രീലങ്ക ലക്ഷ്യം 5 പന്ത് അവശേഷിക്കവെയാണ് വിജയം കൈപ്പിടിയിലാക്കിയത്. 6 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ ലക്ഷ്യം നേടിയെടുത്തത്.

19 പന്തിൽ 36 റൺസ് നേടിയ കുശൽ മെന്‍ഡിസും പതും നിസ്സങ്കയും(35) ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 6.3 ഓവറിൽ 62 റൺസ് നേടി ശ്രീലങ്കയ്ക്ക് മികച്ച തുടക്കമാണ് നൽകിയത്. നിസങ്കയെയും ചരിത് അസലങ്കയെ(8) ദസുന്‍ ഷനകയെയും(10) ഏതാനു ഓവറുകളുടെ വ്യത്യാസത്തിൽ ശ്രീലങ്കയ്ക്ക് നഷ്ടമായപ്പോള്‍ ശ്രീലങ്ക 119/4 എന്ന നിലയിലേക്ക് വീണു.

അവിടെ നിന്ന് ധനുഷ്ക ഗുണതിലകയും(20 പന്തിൽ 33) ഭാനുക രാജപക്സയും ചേര്‍ന്ന് ലങ്കയെ വിജയത്തിനോടടുപ്പിച്ചു. ധനുഷ്ക പുറത്തായ ശേഷവും മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഭാനുകയ്ക്ക് മികച്ച പിന്തുണ വനിന്‍ഡു ഹസരംഗ നൽകിയപ്പോള്‍ 4 വിക്കറ്റ് വിജയം ശ്രീലങ്ക സ്വന്തമാക്കി.

ആറാം വിക്കറ്റിൽ 11 പന്തിൽ നിന്ന് 23 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. രാജപക്സ 14 പന്തിൽ 31 റൺസ് നേടി പുറത്തായപ്പോള്‍ ശ്രീലങ്കയ്ക്ക് ജയിക്കുവാന്‍ 2 റൺസ് മതിയായിരുന്നു. വനിന്‍ഡു ഹസരംഗ 16 റൺസും നേടി പുറത്താകാതെ നിന്നു.

അഫ്ഗാനിസ്ഥാനായി മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് നേടി.

Comments are closed.