അർജന്റീന ജേഴ്സിയിലാണ് ഇപ്പോൾ പഴയ മെസ്സിയെ കാണാൻ ആകുന്നത്. ആരാധകർക്ക് ഏറെ ഇഷ്ടപ്പെടുന്ന എതിരാളികൾ ഏറെ ഭയപ്പെടുന്ന മെസ്സി. ഫൈനലിസിമ കിരീടത്തിന്റെ മധുരം ചുണ്ടിൽ നിന്ന് മാറും മുമ്പ് മെസ്സി ഫുട്ബോൾ പ്രേമികൾക്ക് ആകെ സന്തോഷം നൽകുന്ന ഒരു പ്രകടനം ഇന്ന് കാഴ്ചവെച്ചു. ഇന്ന് സൗഹൃദ മത്സരത്തിൽ എസ്റ്റോണിയയെ നേരിട്ട അർജന്റീന എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്. അഞ്ചു ഗോളുകളും നേടിയത് മെസ്സി ആയിരുന്നു.
ഏഴാം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നായിരുന്നു ആദ്യ ഗോൾ. ആദ്യ പകുതിയിൽ പിന്നീടും പല തവണ മെസ്സി ഗോളിന് അടുത്ത് എത്തി എങ്കിലും 45ആം മിനുട്ടിൽ മാത്രമാണ് മെസ്സിയുടെ രണ്ടാം ഗോൾ വന്നത്. വലതു വശത്ത് കൂടെ പെനാൾട്ടി ബോക്സിൽ പ്രവേശിച്ച മെസ്സി തൊടുത്ത ഷോട്ട് എസ്റ്റോണിയ ഗോൾ കീപ്പർ കണ്ടതു പോലുമില്ല.
രണ്ടാം പകുതിയിൽ മെസ്സി താണ്ഡവമാടുക ആയിരുന്നു. 47ആം മിനുട്ടിൽ വലുതി വിങ്ങിൽ നിന്ന് വന്ന ഒരു ക്രോസ് സ്വീകരിച്ചായിരുന്നും മെസ്സിയുടെ ഹാട്രിക്ക് തികച്ച ഗോൾ. പിന്നീട് 71ആം മിനുട്ടിൽ ഒറ്റക്ക് പന്ത് എടുത്തു പോയ മെസ്സി എസ്റ്റോണിയ കീപ്പറിനെയും ഡിഫൻഡേഴ്സിനെയും നിലത്ത് ഇരുത്തിയ ശേഷം വലതു കാലു കൊണ്ട് പന്ത് വലയിലേക്ക് തട്ടിയിട്ട് നാലാം ഗോൾ നേടി. പിന്നെ അഞ്ചു മിനുട്ട് കഴിഞ്ഞ് അഞ്ചാം ഗോൾ കൂടെ വന്നതോടെ എല്ലാം പൂർണ്ണം. മെസ്സിയുടെ 56ആം കരിയർ ഹാട്രിക്ക് ആയിരുന്നു ഇത്.
മെസ്സി ഇത് രണ്ടാം തവണയാണ് ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ അടിക്കുന്നത്. 2012ൽ ബയർ ലെവർകൂസൻ എതിരെയും ഇത് പോലെ അഞ്ചു ഗോളുകൾ മെസ്സി സ്കോർ ചെയ്തിരുന്നു.