പ്രീസീസണിൽ തിളങ്ങിയ മാർഷ്യലിനെ ടീമിൽ നിലനിർത്താ‌ൻ ഉറച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

20220722 150942

മാർഷ്യലിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭാവി അവസാനിച്ചു എന്നായിരുന്നു കഴിഞ്ഞ സീസണിൽ താരം ലോണിൽ സെവിയ്യയിലേക്ക് പോയപ്പോൾ ഏവരും കരുതിയത്. മാർഷ്യലിന് സെവിയ്യയിലും തിളങ്ങാൻ ആയിരുന്നില്ല. താരത്തെ വിറ്റ് ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡും ശ്രമിച്ചു കൊണ്ടേയിരുന്നു. എന്നാൽ ഇപ്പോൾ മാർഷ്യലിനെ ടീമിൽ നിലനിർത്താൻ ആണ് ടെൻ ഹാഗ് തീരുമാനിച്ചിരിക്കുന്നത്. പ്രീസീസണിൽ മാർഷ്യൽ നടത്തിയ പ്രകടനങ്ങൾ ടെൻ ഹാഗ് ഇത്തരമൊരു തീരുമാനം എടുക്കുന്നതിൽ നിർണായകമായി.

ഇതുവരെ കഴിഞ്ഞ മൂന്ന് പ്രീസീസൺ മത്സരങ്ങളിലും ഗോളടിക്കാൻ മാർഷ്യലിനായിരുന്നു. മൂന്ന് ഗോളുകൾ നേടിയ താരം അറ്റാക്കിൽ ഇതുവരെ ഏറ്റവും ഇമ്പ്രസ് ചെയ്ത താരമാണ്. മാർഷ്യലിനെ പ്രധാന സ്ട്രൈക്കർ ആക്കി ഇറക്കി കൊണ്ട് സീസൺ ആരംഭിക്കാൻ ആണ് ടെൻ ഹാഗ് ഇപ്പോൾ ആലോചിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ടീമിനൊപ്പം ചേരാത്തത് കൊണ്ട് തന്നെ ലീഗിലെ ആദ്യ മത്സരത്തിൽ ബ്രൈറ്റണ് എതിരെ യുണൈറ്റഡ് ഇറങ്ങുമ്പോൾ മാർഷ്യൽ തന്നെ ആകും അറ്റാക്കിനെ നയിക്കുന്നത്. അവസാന ആറു വർഷമായി മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് മാർഷ്യൽ.