റൊണാൾഡോക്ക് വീണ്ടും ഗോൾ ഇല്ല, മാഞ്ചസ്റ്റർ യുണൈറ്റഡിന് പതിവ് നിരാശ!!

Img 20220212 195000

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും നിരാശ തുടരുന്നു. ഇന്ന് സ്വന്തം ഗ്രൗണ്ടായ ഓൾഡ്റട്രാഫോർഡിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാമ്പ്ടണോടും സമനില വഴങ്ങി. ഈ സമനില യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടി ആകും.

ഇന്ന് ഓൾഡ്ട്രാഫോർഡിൽ ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മനോഹര ഫുട്ബോൾ ആണ് കാഴ്ചവെച്ചത്. വേഗതയുള്ള ആക്രമണങ്ങൾ പലപ്പോഴും സന്ദർശകരായ സതാമ്പ്ടണെ പ്രതിരോധത്തിൽ ആക്കുന്നത് കാണാൻ ആയി. 21ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡും കണ്ടെത്തി. ഒരു നല്ല കൗണ്ടറിലൂടെ റാഷ്ഫോർഡ് വലതുവിങ്ങിലൂടെ മുന്നേറുകയും പെനാൾട്ടി ബോക്സിൽ വെച്ച് സാഞ്ചോയ്ക്ക് പന്ത് കൈമാറുകയും ചെയ്തു. സാഞ്ചോ ഫസ്റ്റ് ടച്ചിൽ തന്നെ പന്ത് വലയിൽ എത്തിച്ചു.

20220212 195018
മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതിയിൽ കൂടുതൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോളുകൾ പിറന്നില്ല. മറുവശത്റ്റ്ഗ് ഡിഫൻസിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എളുപ്പത്തിൽ സമ്മർദ്ദത്തിൽ ആകുന്നതും കാണാൻ ആയി. രണ്ടാം പകുതിയുടെ തുടക്കത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഒരു മോശം ഡിഫൻസീവ് സെറ്റപ്പ് മുതലെടുത്ത് ചെ ആഡംസിലൂടെ സതാമ്പ്ടൺ സമനില നേടി. ഇതിനു ശേഷം ഡിഹിയയുടെ സേവുകൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ രക്ഷിക്കുന്നതും കണ്ടു‌. മറുവശത്ത് ഫോർസ്റ്ററും മൂന്ന് വലിയ സേവുകൾ നടത്തി.

71ആം മിനുട്ടിൽ റൊണാൾഡോ ഗോൾ നേടി എങ്കിലും ഓഫ് സൈഡ് ആയി. കൗണ്ടറുകളെ ആശ്രയിച്ച് നോക്കിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാന നിമിഷങ്ങളിൽ അധികം അവസരം സൃഷ്ടിക്കാൻ പ്രയാസപ്പെട്ടു. അവസാനം ഒരു ഹെഡറിലൂടെ മഗ്വയർ ഗോളിന് അടുത്ത് എത്തിയപ്പോഴും ഫോസ്റ്റർ രക്ഷയ്ക്ക് എത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇത് മറ്റൊരു മോശം മത്സരമായും മാറി. മാഞ്ചസ്റ്റർ യുണൈറ്റഡിന് അവസാന മൂന്ന് മത്സരങ്ങളിലും വിജയിക്കാൻ ആയിട്ടില്ല.

ഈ സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾ ആകെ മങ്ങി. 24 മത്സരങ്ങളിൽ 40 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ അഞ്ചാമത് ആണ്. സതാമ്പ്ടൺ 28 പോയിന്റുമായി പത്താം സ്ഥാനത്താണ്.