വില്ലാ പാർക്കിൽ വെള്ളം കുടിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്, ഉനായ് എമരിക്ക് സ്വപ്ന തുടക്കം

Picsart 22 11 06 21 24 32 406

ആസ്റ്റൺ വില്ലയ് മുന്നിൽ പരാജയപ്പെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് എവേ മത്സരത്തിൽ ഒന്നിനെതിര മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടത്. 9 മത്സരങ്ങൾക്ക് ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു മത്സരം പരാജയപ്പെടുന്നത്.

Picsart 22 11 06 21 20 28 886

വില്ലാ പാർക്കിൽ ഉനായ് എമെറി ചുമതല ഏറ്റെടുത്ത ആദ്യ മത്സരത്തിൽ ആസ്റ്റൺ വില്ലക്ക് ഗംഭീര തുടക്കം ആണ് ലഭിച്ചത്. ആദ്യ 11 മിനുട്ടിൽ തന്നെ ആസ്റ്റൺ വില്ല രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തി. മത്സരം ആരംഭിച്ചു ആറാം മിനുട്ടിൽ ആയിരുന്നു ആദ്യ ഗോൾ. ജേക്കബ് റാംസിയുടെ പാസ് സ്വീകരിച്ച് ലിയോൺ ബെയ്ലി ആണ് ഡി ഹിയയെ കീഴ്പ്പെടുത്തിയത്. ഈ ഗോളിന്റെ ഞെട്ടൽ മാറും മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം ഗോളും വഴങ്ങി.

ഒരു ഫ്രീകിക്കിൽ നിന്നായിരുന്നു വില്ലയുടെ രണ്ടാം ഗോൾ. ലൂക ഡീനെയുടെ ഫ്രീകിക്കിനു മുന്നിലും ഡി ഹിയ പരാജയപ്പെട്ടു‌. ഈ രണ്ട് ഗോളുകൾ വീണ ശേഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്ന് ഉണർന്നത്. അവർ അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ഗോൾ പിറന്നില്ല. ബ്രൂണോ ഫെർണാണ്ടസിന്റെ അഭാവത്തിൽ ആദ്യ ഇലവനിൽ എത്തിയ വാൻ ഡെ ബീകും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞ റൊണാൾഡോയും തീർത്തും നിരാശപ്പെടുത്തി.

മാഞ്ചസ്റ്റർ 22 11 06 21 20 45 235

ആദ്യ പകുതിയുടെ അവസാനം ലൂക് ഷോയുടെ ഒരു സ്ട്രൈക്ക് വലിയ ഡിഫ്ലക്ഷനോടെ സെൽഫ് ഗോളായി മാറിയത് യുണൈറ്റഡിനെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ആദ്യ പകുതി 2-1ന് അവസാനിച്ചു.

രണ്ടാം പകുതിയിൽ കാര്യങ്ങൾ മെച്ചപ്പെടുത്താം എന്ന് കരുതി ഇറങ്ങിയ യുണൈറ്റഡിന് പക്ഷെ തുടക്കത്തിൽ തന്നെ മൂന്നാം ഗോൾ വഴങ്ങേണ്ടി വന്നു. വാറ്റ്കിൻസിന്റെ പാസ് സ്വീകരിച്ച് ജേകബ് റാംസി ആണ് വില്ലയുടെ മൂന്നാം ഗോൾ നേടിയത്. 49 മിനുട്ടിൽ യുണൈറ്റഡ് 3-1ന് പിറകിൽ.

Picsart 22 11 06 21 20 13 532

യുണൈറ്റഡ് പിന്നാലെ മൂന്ന് സബ് നടത്തി കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു. പക്ഷെ ടെൻ ഹാഗിന്റെ തന്ത്രങ്ങൾ ഒന്നും ഇന്ന് വിജയിച്ചില്ല.

ഈ പരാജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാമത് നിൽക്കുകയാണ്. ആസ്റ്റൺ വില്ല 15 പോയിന്റുമായി പതിമൂന്നാമതും നിൽക്കുന്നു.