ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ തോൽവിയോടെ തുടക്കം. ഇന്ന് ആദ്യ മത്സരത്തിൽ സ്പർസിനെ നേരിട്ട സിറ്റി മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടത്. നുനോ സാന്റോയുടെ സ്പർസ് പരിശീലകനായുള്ള കരിയർ വൻ വിജയത്തോടെയുമായി.
ഇന്ന് ടോട്ടനത്തിന്റെ സ്റ്റേഡിയത്തിൽ മികച്ച രീതിയിൽ മത്സരം ആരംഭിച്ചത് മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു. ആദ്യ 15 മിനുട്ടുകളിൽ സ്പർസ് ഡിഫൻസിനെ വെള്ളം കുടിപ്പിക്കാൻ സിറ്റിക്കായി. എന്നാൽ ആ സമയത്ത് കിട്ടിയ അവസരങ്ങൾ ഒന്നു പോലും ഗോളാക്കി മാറ്റാൻ അവർക്കായില്ല. പതിയെ കളിയിലേക്ക് തിരിച്ചു വന്ന സ്പർസ് ആദ്യ പകുതിയുടെ മധ്യത്തോളം അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. മൗറ, ബെർഗ്വൈൻ, സോൺ എന്നിവർ അടങ്ങിയ അറ്റാക്കിംഗ് ത്രീ മികച്ച കൗണ്ടറുകളിലൂടെ സിറ്റിയെ വിറപ്പിച്ചു.
ഒരുപാട് അവസരങ്ങൾ കൗണ്ടറിലൂടെ സ്പർസ് സൃഷ്ടിച്ചു എങ്കിലും അവസരങ്ങൾ ഗോളായി മാറിയില്ല. രണ്ടാം പകുതിയിൽ ആണ് സ്പർസ് അവസാനം ലീഡ് എടുത്തത്. സോൺ തന്നെയാണ് എഡേഴ്സണെ കീഴ്പ്പെടുത്തിയത്. 55ആം മിനുട്ടിൽ ബെർഗ്വൈന്റെ പാസ് സ്വീകരിച്ച സോൺ ഒരു ഇടം കാലൻ ഷോട്ടിലൂടെ പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഒരു ഗോളിന് പിറകിൽ പോയതോടെ സിറ്റി സിഞ്ചെങ്കോയെയും ഡി ബ്രുയിനെയും സബ്ബായി കളത്തിൽ ഇറക്കി.
ഡിബ്രുയിനും ഗ്രീലിഷും ഒക്കെ കളത്തിൽ ഉണ്ടായിട്ടും അവസരങ്ങൾ സൃഷ്ടിക്കാൻ സിറ്റി കഷ്ടപ്പെട്ടു. 100 മില്യൺ സൈനിംഗ് ആയ ഗ്രീലിഷിന് നിരാശ നിറഞ്ഞ അരങ്ങേറ്റമായിരുന്നു ഇന്ന്. സ്പർസിന്റെ പുതിയ സൈനിംഗ് ആയ ക്രിസ്റ്റൻ റൊമേരോ സബ്ബായി എത്തി ഇന്ന് അരങ്ങേറ്റം നടത്തി.