ആഴ്സണലിന്റെ പ്രീമിയർ ലീഗിലെ വിജയ കുതിപ്പിന് മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം ഇട്ടു. ഇന്ന് ഓൾഡ്ട്രാഫോർഡിൽ കണ്ട ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിച്ചത്. ഇതിനു മുമ്പ് ലീഗിൽ നടന്ന അഞ്ചു മത്സരങ്ങളും ആഴ്സണൽ വിജയിച്ചിരുന്നു.
ഇന്ന് മാഞ്ചസ്റ്ററിൽ നല്ല തുടക്കം ഹോം ടീമിന് തന്നെ ആയിരുന്നു. ആദ്യ മിനുട്ടുകളിൽ യുണൈറ്റഡ് നല്ല അവസരങ്ങൾ സൃഷ്ടിച്ചു. പക്ഷെ അതിനു ശേഷം പതിയെ ആഴ്സണൽ നല്ല ഫുട്ബോളുമായി കളിയിലേക്ക് വന്നു. പന്ത്രണ്ടാം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ ആഴ്സണൽ ആദ്യ ഗോൾ നേടി. മാർട്ടോനെല്ലി നേടിയ ഈ ഗോൾ പക്ഷെ വാർ പരിശോധനക്ക് ശേഷം നിഷേധിക്കപ്പെട്ടു. ഈ ഗോളിന്റെ ബിൽഡ് അപ്പിൽ ഒഡെഗാർഡ് എറിക്സണെ ഫൗൾ ചെയ്തു എന്ന് ചൂണ്ടികാണിച്ചാണ് ആ ഗോൾ നിഷേധിക്കപ്പെട്ടത്.
ഇതിനു ശേഷവും ആഴ്സണൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു. ഡി ഹിയയുടെ ഒരു മികച്ച സേവും കാണാനായി. മറുവശത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ 100% ഊർജ്ജം നൽകി കളിക്കുന്നുണ്ടായിരുന്നു.
അവർക്ക് 35ആം മിനുട്ടിൽ ഒരു അവസരം ലഭിച്ചു. ആഴ്സണൽ താരങ്ങളാൽ മാർക്ക് ചെയ്യപ്പെടാതെ നിൽക്കുന്ന ബ്രൂണോയിലേക്ക് എറിക്സൺ പന്തെച്ചി കൊടുത്തു. ബ്രൂണോ ടാക്കിളുകൾ മറികടന്ന് പന്ത് സാഞ്ചോക്ക് കൈമാറി. സാഞ്ചോ റാഷ്ഫോർഡിലേക്ക്. പെനാൾട്ടി ബോക്സിന്റെ വലതു ഭാഗത്ത് തനിയെ നിൽക്കുക ആയിരുന്നു ആന്റണിയിലേക്ക് റാഷ്ഫോർഡ് പന്ത് നൽകി. ആന്റണിയുടെ ഇടം കാൽ പന്ത് വലയിലേക്ക് നയിച്ചു. സ്കോർ 1-0. ആന്റണിയുടെ മാഞ്ചസ്റ്റർ യുണൈറ്റഡ് കരിയറിലെ ആദ്യ ഗോൾ.
ഈ ഗോളിന്റെ ബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ പകുതി 1-0ന്റെ ലീഡിൽ അവസാനിപ്പിച്ചു.
രണ്ടാം പകുതിയിൽ ആഴ്സണൽ കൂടുതൽ അറ്റാക്കുകൾ നടത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് പലപ്പോഴും സമ്മർദ്ദത്തിൽ ആയി. 57ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആന്റണിയെ പിൻവലിച്ച് റൊണാൾഡോയെ കളത്തിൽ ഇറക്കി. ഇതിനു തൊട്ടടുത്ത നിമിഷം ആഴ്സണൽ സമനില ഗോൾ നേടി.
ഡാലോട്ടിന്റെ ഒരു ടാക്കിൾ വിജയിച്ചു എങ്കിലും അത് നേരെ സാകയുടെ കാലിൽ ആണ് എത്തിയത്. സാക ഗോളിയില്ലാത്ത പോസ്റ്റിലേക്ക് പന്ത് എത്തിച്ച് ആഴ്സണലിന് സമനില നൽകി.
യുണൈറ്റഡ് ലീഡിലേക്ക് തിരികെയെത്താൻ അധികം താമസിച്ചില്ല. 66ആം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഷ്ഫോർഡിലൂടെ ലീഡ് തിരികെയെടുത്തു. ബ്രൂണോ തന്റെ പുറംകാലു കൊണ്ട് കൊടുത്ത ഒരു ത്രൂ പാസ് ആഴ്സണലിന്റെ ഓഫ് സൈഡ് ട്രാപ്പ് തകർത്തു. ത്രൂ പാസ് സ്വീകരിച്ച് മുന്നേറിയ റാഷ്ഫോർഡ് അനായാസം പന്ത് വലയിലേക്ക് തൊടുത്തു. സ്കോർ 2-1
ഈ ഗോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കളിയുടെ നിയന്ത്രണം നൽകി. അവർ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും തുടങ്ങി. 75ആം മിനുട്ടിൽ ഒരു കൗണ്ടറിലൂടെ യുണൈറ്റഡ് മൂന്നാം ഗോൾ നേടി. പന്തുമായി കുതിച്ച എറിക്സൺ നൽകിയ പാസ് തട്ടി വലയിൽ ഇടേണ്ട പണി മാത്രമേ റാഷ്ഫോർഡിന് ഉണ്ടായുള്ളൂ. സ്കോർ 3-1. ഈ ഗോൾ വിജയവും ഉറപ്പിച്ചു.
ഈ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ നാലാം വിജയമാണ്. 12 പോയിന്റുമായി യുണൈറ്റഡ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഇന്ന് പരാജയപ്പെട്ടു എങ്കിലും ആഴ്സണൽ 15 പോയിന്റുമായി ലീഗിൽ ഒന്നാമത് തന്നെ നിൽക്കുകയാണ്.