അരങ്ങേറ്റത്തിൽ ഗോളുമായി ബ്രാത്വൈറ്റ്, അത്ലറ്റിക്കിനെതിരെ വിജയം നേടി എസ്പാന്യോൾ

അത്ലറ്റിക് ബിൽബാവോയെ അവരുടെ തട്ടകത്തിൽ വെച്ച് കീഴടക്കി എസ്പാന്യോളിന് സീസണിലെ ആദ്യ വിജയം. അവസരങ്ങൾ ലഭിച്ചിട്ടും, മത്സരത്തിൽ മുൻതൂക്കം ഉണ്ടായിട്ടും എതിർവല കുലുക്കാൻ കഴിയാതെ പോയ വാൽവെർഡെയുടെ ടീം ലീഗിലെ ആദ്യ തോൽവി ഏറ്റു വാങ്ങി.

ലീഗിലെ നാലാം മത്സരത്തിന് ഇരു ടീമുകളും ഇറങ്ങിയപ്പോൾ കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ കോച്ച് വാൽവെർഡേ അണിനിരത്തി. പരിക്കിന്റെ ആശങ്കയിൽ ആയിരുന്ന മുന്നേറ്റ താരം ഇനാകി വില്യംസും ടീമിൽ ഉൾപ്പെട്ടിരുന്നു. എസ്പാന്യോൾ നിരയിൽ പുതുതായി ടീമിൽ എത്തിയ മുന്നേറ്റ താരം മാർട്ടിൻ ബ്രാത്വൈറ്റ്, ഗോൾ കീപ്പർ അൽവാരോ എന്നിവർ ഉൾപ്പെട്ടു. ഇനാകി വില്യംസിന് കിട്ടിയ അവസരങ്ങൾ ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഹോസെലുവിലൂടെയാണ് എസ്പാന്യോളിന്റെ ആദ്യ മികച്ച അവസരം കൈവന്നത്. അതും ഗോളിൽ കലാശിക്കാതെ കടന്ന് പോയി. ആദ്യ പകുതിയിൽ അത്ലറ്റിക്കിന് തന്നെയായിരുന്നു കൃത്യമായ മുൻതൂക്കം.

രണ്ടാം പകുതി ബ്രാത്വൈറ്റിന്റെ ശ്രമത്തോടെയാണ് തുടങ്ങിയത്. ആദ്യ പകുതിയിൽ ലക്ഷ്യത്തിലേക്ക് ഒരിക്കൽ മാത്രം ഷോട്ട് ഉതിർത്ത എസ്പാന്യോളിന് രണ്ടാം പകുതിയിലും ഒരിക്കൽ മാത്രമേ അതിന് കഴിഞ്ഞുള്ളൂ. ഇത്തവണ അത് ഗോളിൽ കലാശിച്ചു. ബാഴ്‌സയിൽ നിന്നും ടീമിൽ എത്തിച്ച ബ്രാത്വൈറ്റ് ബോക്സിനുള്ളിൽ നിന്നും അടിച്ച ഷോട്ട് അത്ലറ്റികിന്റെ വല കുലുക്കി. എട്ട് മിനിറ്റ് നീണ്ട എക്സ്ട്രാ ടൈമിലും ഗോൾ കണ്ടെത്താൻ കഴിയാതെ വന്നതോടെ അത്ലറ്റിക് എസ്പാന്യോളിനോട് തോൽവി വഴങ്ങി.