ഹാളണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക്ക് അടിച്ചപ്പോൾ മാഞ്ചസ്റ്റർ സിറ്റിക്ക് അനായാസ വിജയം. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ച് നോട്ടിങ്ഹാം ഫോറസ്റ്റിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി അനായാസം എതിരില്ലാത്ത ആറ് ഗോളുകളുടെ വിജയം ഇന്ന് നേടി. ഇന്ന് ആദ്യ 38 മിനുട്ടിൽ തന്നെ ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി.
മത്സരം ആരംഭിച്ച് 12ആം മിനുട്ടിൽ ആയിരുന്നു ഹാളണ്ടിന്റെ ഗോൾ. ഫോഡന്റെ ക്രോസിൽ നിന്ന് ഹാളണ്ടിന്റെ ഒരു ഇടം കാലൻ ഫിനിഷ് സിറ്റിയെ മുന്നിൽ എത്തിച്ചു. 23ആം മിനുട്ടിൽ വീണ്ടും ഹാളണ്ടിന്റെ ഗോൾ വന്നു. സ്കോർ 2-0
38ആം മിനുട്ടിൽ ജോൺ സ്റ്റോൺസിന്റെ ഹെഡറിലൂടെ വന്ന അസിസ്റ്റ് മറ്റൊരു ഹെഡറിലൂടെ ഫിനിഷ് ചെയ്ത് കൊണ്ട് ഹാളണ്ട് ഹാട്രിക്ക് തികച്ചു. കഴിഞ്ഞ മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് എതിരെയും ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു. അഞ്ച് ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 ഗോളുമായി ലീഗിലെ ടോപ് സ്കോറർ ആണ് ഹാളണ്ട് ഇപ്പോൾ.
രണ്ടാം പകുതിയിലും സിറ്റി ഗോളടി തുടർന്നു. 50ആം മിനുട്ടിൽ കാൻസെലോയുടെ ഒരു റോക്കറ്റ് ഷോട്ട് സിറ്റിക്ക് നാലാം ഗോൾ നൽകി. 65ആം മിനുട്ടിൽ ജൂലിയൻ ആൽവാരസിന്റെ വക ആയിരുന്നു സിറ്റിയുടെ അഞ്ചാം ഗോൾ. യുവതാരത്തിന്റെ പ്രീമിയർ ലീഗിലെ ആദ്യ ഗോളാണിത്. 88ആം മിനുട്ടിൽ ആല്വാരസ് വീണ്ടും ഗോളടിച്ചതോടെ സൊറ്റി ജയം പൂർത്തിയായി.
അഞ്ച് മത്സരങ്ങളിൽ 13 പോയിന്റുമായി സിറ്റി ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ്. ഫോറസ്റ്റ് 4 പോയിന്റുമായി 14ആം സ്ഥാനത്താണ്.