അവസാന മൂന്ന് മിനുട്ടിൽ രണ്ട് ഗോൾ അടിച്ച് തോൽക്കാതെ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫെർഗീ ടൈം ആയില്ല, ഇത് ഒലെ ടൈം. 87 മിനുട്ട് വരെ രണ്ട് ഗോളിന് പിറകിൽ നിന്നിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് നിശ്ചിത സമയത്തെ വിസിൽ വന്നപ്പോൾ 2-2 എന്ന സമനിലയിൽ. ഒരു ക്ലാസിക് ഫെർഗൂസൺ മത്സരമാകാതിരുന്നത് നിർഭാഗ്യം കൊണ്ടാണെന്ന് പറയാം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ കണ്ട മത്സരം അത്രയ്ക്ക് മികച്ചതായിരുന്നു. ബേർണിലിയാണ് വിജയിച്ച് മുന്നേറുക ആയിരുന്ന ഒലെ ഗണ്ണാർ സോൾഷ്യാർക്ക് ഇന്ന് ഒരു ഷോക്ക് കൊടുത്തത്.

മധ്യനിരയിൽ ഹെരേരയെ മാറ്റി പെരേരയെ ഇറക്കിയാണ് ഇന്ന് ഒലെ മത്സരം ആരംഭിച്ചത്. മികച്ച ഡിഫൻസീവ് ഷൈപ്പ് സൂക്ഷിച്ച ബേർൺലിക്കെതിരെ ഹെരേരയെയുടെയും ലിങാർഡിന്റെയും അഭാവം മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ അനുഭവപ്പെട്ടു. പന്ത് കൈവശം വെച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാ‌ പലപ്പോഴും മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല.രണ്ടാം പകുതി വരെ മത്സരം ഈ ഗതിയിൽ തന്നെ പോയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് പിഴവ് സംഭവിക്കുന്നത്. പെനാൾട്ടി ബോക്സിന് തൊട്ടു പുറത്ത് നിന്ന് ബ്രസീലിയൻ മിഡ്ഫീൽഡർ പെരേരയ്ക്ക് പന്ത് നഷ്ടമായി. ആ പന്ത് മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസ് കാണും മുമ്പെ ബാർനെസിന്റെ ഷോട്ടിൽ വലയിൽ. ഒലെയും യുണൈറ്റഡും വിറച്ചു.

പകരക്കാരായി ലിംഗാർഡിനെയും സാഞ്ചേസിനെയും കൊണ്ടു വന്നു എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിക്കാനായില്ല. മുഴുവം യുണൈറ്റഡും അറ്റാക്ക മാത്രം ശ്രദ്ധിക്കുന്ന സമയം നോക്കി 81ആം മിനുട്ടിൽ ക്രിസ് വൂഡിലൂടെ ബേർൺലിയുടെ രണ്ടാം ഗോൾ. മാഞ്ചസ്റ്ററിന്റെ ഹോമിൽ വന്ന് 21ആം നൂറ്റാണ്ടിലെ ആദ്യ വിജയം എന്ന സ്വപ്നം ബേർൺലി കണ്ട നിമിഷം. 87ആം മിനുട്ട് വരെ സ്കോർ 2-0 എന്ന നിലയിൽ തുടർന്നു.

87ആം മിനുട്ടിൽ ലിംഗാർഡിനെ വീഴ്ത്തിയതിന് യുണൈറ്റഡ് പെനാൾട്ടി. പോഗ്ബ പിഴക്കാതെ വലയിൽ എത്തിച്ചു. സ്കോർ 1-2. പിന്നെ മാഞ്ചസ്റ്ററിന്റെ തുടരെ അറ്റാക്കുകൾ. പലതും ബേർൺലി കീപ്പർ ഹീറ്റൺ രക്ഷപ്പെടുത്തി എങ്കിലും അവസാനം ലിൻഡെലോഫിന്റെ ഒരു ശ്രമം വലയ്ക്ക് അകത്തായി. 2-2. ആഹ്ലാദിക്കാൻ നിൽക്കാതെ യുണൈറ്റഡ് വീണ്ടും പൊരുതി. ബേർൺലി ഡിഫൻസിന്റെ കരുത്തും ഭാഗ്യവും കൊണ്ട് മാത്രം യുണൈറ്റഡിന്റെ വിജയ ഗോൾ പിറന്നില്ല.

ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന സ്വപ്നത്തിന് വലിയ തിരിച്ചടിയാകും. ആഴ്സണൽ ഇന്ന് വിജയിച്ചതോടെ അഞ്ചാ സ്ഥാനം തന്നെ യുണൈറ്റഡിന് രണ്ട് പോയന്റ് അകലെയായി.