റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടം വെറുതെ, യുവന്റസിനെ പുറത്താക്കി ലിയോൺ ക്വാർട്ടറിൽ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

യുവന്റസിന് ഇത്തവണയും ചാമ്പ്യൻസ് ലീഗ് കിരീടമില്ല. ക്വാർട്ടർ ഫൈനൽ കാണാതെ സാരിക്കും സംഘത്തിനും മടങ്ങാം. റൊണാൾഡോയുടെ ഒറ്റയാൾ പോരാട്ടത്തിനും യുവന്റസിനെ രക്ഷിക്കാൻ ആയില്ല. ഇന്ന് 2-1ന് വിജയിച്ചിട്ടും 2-2 എന്ന അഗ്രിഗേറ്റ് സ്കോറിൽ എത്തിയിട്ടും എവേ ഗോളിന്റെ ബലത്തിൽ ലിയോൺ ക്വാർട്ടറിൽ എത്തി.

ഇന്ന് ടൂറിനിൽ കണ്ടത് റൊണാൾഡോ യുവന്റസിന്റെ സ്വന്തം ചുമലിലേറ്റി മുന്നേറുന്നതായിരുന്നു. ആദ്യ പാദത്തിലെ 1-0 എന്ന ലിയോൺ വിജയം മറികടക്കേണ്ടിയിരുന്ന യുവന്റസിന് തുടക്കത്തിൽ തന്നെ തിരിച്ചടി നേരിടേണ്ടി വന്നു. ഇന്ന് 12ആം മിനുട്ടിൽ യുവന്റസിനെതിരായി റഫറി പെനാൾട്ടി വിധിച്ചു. പെനാൾട്ടി തീരുമാനം തെറ്റായിരുന്നു എങ്കിലും പെനാൾട്ടി എടുത്ത മെംഫിസ് ഡിപായ്ക്ക് തെറ്റിയില്ല. ലിയോൺ 1-0ന് ടൂറിനിൽ മുന്നിൽ. ഒപ്പം അഗ്രിഗേറ്റിൽ 2-0 മുന്നിൽ.

ലിയോണിന് എവേ ഗോൾ കൂടെ ആയതോടെ ക്വാർട്ടറിൽ എത്തണം എങ്കിൽ യുവന്റസ് മൂന്ന് ഗോളടിക്കണം എന്ന അവസ്ഥ. ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് മാത്രമെ അത്തരമൊരു അവസ്ഥയിൽ യുവന്റസിനെ രക്ഷിക്കാൻ ആകുമായിരുന്നുള്ളൂ. 43ആം മിനുട്ടിൽ ഒരു പെനാൾട്ടി യുവന്റസിന് കളിയിലേക്ക് തിരികെ വരാൻ അവസരം നൽകി. ലക്ഷ്യം തെറ്റാതെ പെനാൾട്ടി സ്പോട്ടിൽ നിന്ന് റൊണാൾഡോയുടെ ആദ്യ ഗോൾ. സ്കോർ 1-1. അഗ്രിഗേറ്റിൽ ലിയോൺ 2-1 യുവന്റസ്.

രണ്ടാം പകുതിയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ യുവന്റസ് ഒരുപാട് കഷ്ടപ്പെട്ടപ്പോൾ റൊണാൾഡോ തന്റെ മികവ് കൊണ്ട് യുവന്റസിന്റെ രണ്ടാം ഗോൾ നേടി. ഒരു ഇടം കാലൻ ലോങ് റേഞ്ചറിലൂടെ ആയിരുന്നു റൊണാൾഡോയുടെ ആ ഗോൾ. മത്സരം 2-1ന് യുവന്റസ് മുന്നിൽ. അപ്പോഴും അഗ്രിഗേറ്റിൽ 2-2 എവേ ഗോളിൽ ലിയോൺ മുന്നിൽ.

മൂന്നാം ഗോൾ കണ്ടെത്താൻ വേണ്ടി യുവന്റസ് ഡിബാലയെ എത്തിച്ചു എങ്കിലും പരിക്കേറ്റ് ഡിബാല മടങ്ങിയത് യുവന്റസ് സ്വപ്നങ്ങൾക്ക് തിരിച്ചടിയായി. ഇന്ന് വിജയിച്ച ലിയോൺ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റിയെ ആകും നേരിടുക.