ഇത് ലൂയിസ് ഡിയസിന്റെ കോപ അമേരിക്ക

Img 20210710 111349

ഈ കോപ അമേരിക്ക മെസ്സിയുടേതാണോ നെയ്മറിന്റെതാണോ എന്നാണ് പ്രധാന ചർച്ച എങ്കിലും ഈ ടൂർണമെന്റ് മുഴുവനും കണ്ടവരെ ഏറ്റവും കൂടുതൽ ഞെട്ടിച്ച താരം കൊളംബിയയുടെ ജേഴ്സിയിൽ ഇറങ്ങിയ ലൂയിസ് ഡിയസായിരിക്കും. ഇന്ന് പെറുവിന് എതിരായ മൂന്നാം സ്ഥാനത്തിനായുള്ള മത്സരം ഉൾപ്പെടെ ടൂർണമെന്റിൽ ഉടനീളം ഏവരെയും ഞെട്ടിക്കാൻ ഡിയസിനായി. 24കാരൻ കൊളംബിയം വിങ്ങിൽ ആർക്കും തടയാൻ കഴിയാത്ത സാന്നിദ്ധ്യമായി ഈ ടൂർണമെന്റിൽ നിലനിന്നു.

നാലു ഗോളുകളാണ് ലൂയിസ് ഡിയസ് ഈ ടൂർണമെന്റിൽ നേടിയത്. ആദ്യ ബ്രസീലിന് എതിരായ ബൈസൈക്കിൾ കിക്ക് ഗോളായിരുന്നു. സെമി ഫൈനലിൽ അർജന്റീനയെ വിറപ്പിക്കാനും ഡിയസിനായി. അർജന്റീനക്ക് എതിരായ സമനില ഗോൾ നേടിയതും ഡിയസ് തന്നെ. ഇന്ന് പെറുവിനെതിരെ നേടിയ രണ്ടു ഗോളുകൾ ലൂയിസ് ഡിയസിന്റെ നിലവാരത്തിന് അടിവര ഇടുന്നതായിരുന്നു. ഇന്നത്തെ രണ്ടു ഗോളുകളിൽ 94ആം മിനുട്ടിലെ ഗംഭീരമായ വിജയ ഗോളും ഉൾപ്പെടുന്നു.

2018 മുതൽ കൊളംബിയ സ്ക്വാഡിൽ ഉള്ള ഡിയസിന്റെ തലവര മാറ്റാൻ പോകുന്ന ടൂർണമെന്റായി ഈ കോപ അമേരിക്ക മാറിയേക്കും. ഇപ്പോൾ പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ താരത്തിന് ഈ ടൂർണമെന്റോടെ ആവശ്യക്കാർ ഏറും. യൂറോപ്പിലെ വമ്പന്മാരിൽ ആരെങ്കിലും ഡിയസിനെ റാഞ്ചിയാലും അത്ഭുതപ്പെടേണ്ടതില്ല.

Previous articleതകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്
Next articleമഴ നിയമത്തിൽ ഇന്ത്യയ്ക്കെതിരെ വിജയം നേടി ഇംഗ്ലണ്ട്