തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ ഓസ്ട്രേലിയയെ വീഴ്ത്തി വെസ്റ്റിന്‍ഡീസ്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള ആവേശകരമായ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൈവരിച്ച് വെസ്റ്റിന്‍ഡീസ്. മത്സരത്തിൽ 146 റൺസ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയ ഒരു ഘട്ടത്തിൽ 108/4 എന്ന നിലയിൽ വിജയം പിടിച്ചെടുക്കുമെന്ന് ഉറപ്പിച്ചുവെങ്കിലും 16 ഓവറിൽ ടീമിനെ 127 റൺസിന് പുറത്താക്കി തകര്‍പ്പന്‍ പ്രകടനമാണ് ബൗളര്‍മാര്‍ പുറത്തെടുത്തത്.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ തന്റെ കന്നി ടി20 അര്‍ദ്ധ ശതകം നേടിയ ആന്‍ഡ്രേ റസ്സൽ ആണ് 145 റൺസിലേക്ക് എത്തിച്ചത്. 28 പന്തിൽ 51 റൺസാണ് റസ്സൽ നേടിയത്. താരം അവസാന ഓവറിലെ രണ്ടാം പന്തിലാണ് പുറത്തായത്. ഷിമ്രൺ ഹെറ്റ്മ്യര്‍(20), ലെന്‍ഡൽ സിമ്മൺസ്(27) എന്നിവരാണ് റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ഓസ്ട്രേലിയന്‍ നിരയിൽ ജോഷ് ഹാസൽവുഡ് മൂന്നും മിച്ചൽ മാര്‍ഷ് രണ്ടും വിക്കറ്റ് നേടി.

മാത്യു വെയിഡും മിച്ചൽ മാര്‍ഷും മികച്ച രീതിയിൽ ടീമിന് വേണ്ടി കളിച്ചുവെങ്കിലും കൈപ്പിടിയിലായ കളി ഓസ്ട്രേലിയ കൈവിടുന്ന കാഴ്ചയാണ് സെയിന്റ് ലൂസിയയിൽ കണ്ടത്. മാത്യൂ വെയിഡ് 14 പന്തിൽ 34 റൺസ് നേടിയപ്പോള്‍ മിച്ചൽ മാര്‍ഷ് 31 പന്തിൽ 51 റൺസാണ് നേടിയത്.

4 വിക്കറ്റ് നേടിയ ഒബേദ് മക്കോയ് ആണ് വിന്‍ഡീസിന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. ഹെയ്ഡന്‍ വാൽഷ് മൂന്ന് വിക്കറ്റ് നേടി. 10.2 ഓവറിൽ 108/4 എന്ന നിലയിൽ വിജയത്തിലേക്ക് നീങ്ങുമെന്ന തോന്നിച്ച ഓസ്ട്രേലിയ 16 ഓവറിനുള്ളിൽ 127 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു.

24 പന്ത് അവശേഷിക്കവേ ടീം തകര്‍ന്നപ്പോള്‍ 18 റൺസിന്റെ വിജയമാണ് കരീബിയന്‍ സംഘം നേടിയത്.