തകര്‍പ്പന്‍ ബൗളിംഗുമായി ലക്നൗ ഒന്നാം സ്ഥാനത്ത്, കൊല്‍ക്കത്തയ്ക്ക് കനത്ത തോൽവി

ഐപിഎലില്‍ ഇന്നത്തെ രണ്ടാം മത്സരത്തിൽ കനത്ത തോല്‍വിയേറ്റ് വാങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. 177 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 14.3 ഓവറിൽ 101 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ലക്നൗ 75 റൺസിന്റെ വിജയം നേടുകയായിരുന്നു. ജയത്തോടെ ലക്നൗ ഒന്നാം സ്ഥാനത്ത് എത്തി.

ആന്‍ഡ്രേ റസ്സലും സുനിൽ നരൈനും ഒഴികെ ആര്‍ക്കും കൊല്‍ക്കത്ത നിരയിൽ റൺസ് കണ്ടെത്താനായില്ല. 25/4 എന്ന നിലയിലേക്ക് വീണ ടീമിന് പിന്നെ ഒരിക്കലും മത്സരത്തിൽ തിരിച്ചുവരവ് നടത്തുവാന്‍ സാധിച്ചിരുന്നില്ല.

Andrerussell
9ാം ഓവര്‍ എറിഞ്ഞ ജേസൺ ഹോള്‍ഡറെ ആന്‍ഡ്രേ റസ്സൽ അടിച്ച് തകര്‍ത്തപ്പോള്‍ 25 റൺസാണ് ഓവറിൽ നിന്ന് വന്നത്. മൂന്ന് സിക്സും ഒരു ഫോറും അടക്കമായിരുന്നു റസ്സൽ താണ്ഡവം.

എന്നാൽ 19 പന്തിൽ 45 റൺസ് നേടി റസ്സലും മടങ്ങിയതോടെ കൊല്‍ക്കത്ത കനത്ത തോല്‍വിയിലേക്ക് വീഴുകയായിരുന്നു. സുനിൽ നരൈന്‍ 12 പന്തിൽ 22 റൺസ് നേടി മടങ്ങിയപ്പോള്‍ അതേ ഓവറിൽ ഹോള്‍ഡര്‍ സൗത്തിയെയും പുറത്താക്കി കൊല്‍ക്കത്തയുടെ നില പരിതാപകരമാക്കി.

അവേശ് ഖാനും ജേസൺ ഹോള്‍ഡറും 3 വീതം വിക്കറ്റ് നേടിയാണ് കൊല്‍ക്കത്തയുടെ നടുവൊടിച്ചത്.