കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് എവേ മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനു മുന്നിൽ പതറിയ ശേഷം മാധ്യമങ്ങളോടെ ക്ലോപ്പ് പറഞ്ഞതാണ് ‘വെൽകം ടു ആൻഫീൽഡ്’. ആൻഫീൽഡ് ലിവർപൂളിന്റെ അത്ര ഉറപ്പായ ആരും വിറക്കുന്ന കോട്ട ആയിരുന്നു അതുവരെ. എന്നാൽ അന്ന് ആൻഫീൽഡ് വീമ്പ് പറഞ്ഞത് മുതൽ കാര്യങ്ങൾ ലിവർപൂളിന് എളുപ്പമായില്ല. അന്ന് അത്ലറ്റിക്കോ മാഡ്രിഡ് തന്നെ ലിവർപൂളിനെ വീട്ടിൽ കയറി വെട്ടി. അന്ന് മുതൽ വെൽകം ടു ആൻഫീൽഡ് എന്നത് ആരും പേടിക്കാത്ത വാക്കുകളായി മാറി തുടങ്ങി.
ഇന്നലെ ചെൽസി ലിവർപൂളിനെ തോൽപ്പിച്ചതോടെ ആൻഫീൽഡിൽ തുടർച്ചയായി അഞ്ചു ലീഗ് മത്സരങ്ങൾ ആണ് ലിവർപൂൾ പരാജയപ്പെട്ടത്. ലിവർപൂളിന്റെ 129 വർഷത്തെ ചരിത്രത്തിൽ ഒരിക്കൽ പോലും നടക്കാത്ത കാര്യം. ബേർൺലിയോട് ആരംഭിച്ച പരാജയം ബ്രൈറ്റണോടും, മാഞ്ചസ്റ്റർ സിറ്റിയോടും, എവർട്ടണോടും ഇപ്പോൾ ചെൽസിയോടും ലിവർപൂൾ ആവർത്തിച്ചു.
2021 ആയതിനു ശേഷം ആൻഫീൽഡിൽ ഓപ്പൺ പ്ലേയിൽ നിന്ന് ഒരു ഗോൾ നേടാൻ പോലും ലിവർപൂളിനായില്ല. ആകെ നേടിയ ഒരു ഗോൾ പെനാൾട്ടിയിൽ നിന്നായിരുന്നു. ആരാധകർ ഇല്ലാത്തത് ഒക്കെ കാരണമായി പറഞ്ഞാലും ഇത്രയും ദയനീയ പ്രകടനങ്ങൾക്ക് ഒരു ന്യായീകരണവും അർഹിക്കുന്നില്ല. അവസാനമായി ഡിസംബർ 16നാണ് ആൻഫീൽഡിൽ ലിവർപൂൾ ഒരു മത്സരം വിജയിച്ചത്. ഇന്നലത്തെ പരാജയം കൂടെ ആയതോടെ ടോപ് ഫോറും ലിവർപൂളിൽ നിന്ന് അകന്നിരിക്കുകയാണ്.