ആഴ്സണൽ ആരാധകർക്ക് ആശ്വസിക്കാം. അവരുടെ ഇൻവിൻസിബിൾ പട്ടം വേറൊരാളും എടുക്കില്ല. അപരാജിതമായി ലീഗ് അവസാനിപ്പിക്കാം എന്ന ലിവർപൂൾ ആരാധകരുടെ സ്വപ്നം വാറ്റ്ഫോർഡിന്റെ പിച്ചിൽ വീണ് പൊലിഞ്ഞിരിക്കുന്നു. ലീഗ് കിരീടത്തിന് വളരെ അടുത്ത് നിൽകുന്ന ലിവർപൂൾ എളുപ്പത്തിൽ വിജയിക്കാം എന്ന് കരുതി ആയിരുന്നു വാറ്റ്ഫോർഡിൽ എത്തിയത്. എന്നാൽ ഏറ്റുവാങ്ങിയത് ഒരു വലിയ പരാജയവും.
ലീഗിൽ ഇതിനു മുമ്പ് കളിച്ച 27 മത്സരങ്ങളിൽ 26 വിജയവും ഒരു സമനിലയുമായി നിന്ന് ലിവർപൂൾ ഇന്ന് പിയേഴ്സന്റെ ടീമിന് മുന്നിൽ എതിരില്ലാത്ത് മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ലിവർപൂളിന് ഇന്ന് അപായ സൂചനകൾ ഉണ്ടായിരുന്നു. ആദ്യ പകുതി ഗോളില്ലാതെ പോയെങ്കിൽ രണ്ടാം പകുതിയിൽ വാറ്റ്ഫോർഡ് കുതിച്ചു. 54ആം മിനുട്ടിൽ സാറിന്റെ വക ആദ്യ വെടി. ലിവർപൂൾ ഞെട്ടി. ആ ഷോക്ക് മാറും മുമ്പ് രണ്ടാമത്തെ ഗോളും 60ആം മിനുട്ടിൽ. ഇത്തവണയും അതേ സാർ തന്നെ അലിസണെ കീഴ്പ്പെടുത്തി.
72ആം മിനുട്ടിൽ ഡീനിയുടെ വക മൂന്നാം ഗോൾ കൂടെ വീണതോടെ ഇൻവിൻസിബിൾ സ്വപ്നം ഉപേക്ഷിക്കേണ്ട സമയമായെന്ന് ക്ലോപ്പും സംഘവും മനസ്സിലാക്കി. ഡീനിയുടെ ഗോളിന് അസിസ്റ്റ് ഒരുക്കിയതും സാർ ആയിരുന്നു. 2003-04 സീസണിൽ ആയിരുന്നു ആഴ്സൻ വെങ്ങറിന്റെ കീഴിൽ ആഴ്സണൽ ഒരു സീസൺ മുഴുവൻ പ്രീമിയർ ലീഗിൽ അപരാജിതരായി നിന്നത്. ഇത്തവണ ലിവർപൂൾ അത് ആവർത്തിക്കും എന്ന് എല്ലാവരും കരുതിയ സമയത്താണ് വാറ്റ്ഫോർഡ് ഇങ്ങനെ ഒരു ഞെട്ടിക്കുന്ന പ്രകടനം നടത്തിയത്.
ഇപ്പോഴും ലീഗ് കിരീടം ലിവർപൂളിന് കയ്യെത്തും ദൂരത്ത് ആണെങ്കിലും ഇന്നത്തെ പരാജയം ആ ടീമിന് വലിയ നിരാശ നൽകും. റിലഗേഷൻ പോരാട്ടത്തിൽ ഉള്ള വാറ്റ്ഫോർഡിനെ ഈ വിജയം റിലഗേഷൻ സോണിൽ നിന്ന് തൽക്കാലം രക്ഷിച്ചിട്ടുണ്ട്.