ആൻഫീൽഡിൽ ലിവർപൂളിനെ വീഴ്ത്താൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആയില്ല എങ്കിലും അവരെ വിറപ്പിക്കാൻ ഒലെയുടേ ടീമിന് ഇന്നായി. ലീഗിൽ തലപ്പത്തുള്ള രണ്ടു ടീമുകളും നേർക്കുനേർ വന്ന മത്സരം ഗോൾ രഹിത സമനിലയിൽ ആണ് അവസാനിച്ചത്. അലിസന്റെ മികച്ച സേവുകളാണ് ലിവർപൂളിന്റെ ആൻഫീൽഡിലെ പരാജയമറിയാത്ത റെക്കോർഡ് സംരക്ഷിച്ചത് എന്ന് പറയാം.
ആൻഫീൽഡിൽ ഇന്ന് ഡിഫൻഡ് ചെയ്ത് കൗണ്ടർ അറ്റാക്ക് ചെയ്യാം എന്ന ടാക്ടിക്സുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് എത്തിയത്. അതുകൊണ്ട് തന്നെ മത്സരത്തിന്റെ തുടക്കം മുതൽ ലിവർപൂളിന്റെ മുന്നേറ്റങ്ങളാണ് കണ്ടത്. എങ്കിലും ആദ്യ പകുതിയിൽ കാര്യമായൊരു അവസരം സൃഷ്ടിക്കാൻ ലിവർപൂളിനായില്ല. യുണൈറ്റഡിന് ആദ്യ പകുതിയിൽ ലഭിച്ച നല്ല അവസരം ഒരു ഫ്രീ കിക്കിൽ നിന്നായിരുന്നു. ബ്രൂണോയുടെ ഫ്രീകിക്ക് ചെറിയ വ്യത്യാസത്തിൽ ആണ് പുറത്തു പോയത്.
രണ്ടാം പകുതിയിലും സമാനമായ രീതിയിൽ ആണ് മത്സരം മുന്നോട്ട് പോയത്. അറ്റാക്ക് കൂടുതൽ മെച്ചപ്പെടുത്താൻ വേണ്ടി മാർഷ്യലിനെ പിൻവലിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് കവാനിയെ രംഗത്ത് ഇറക്കി. ഇത് മത്സരം കുറച്ചു കൂടെ ഓപ്പൺ ആക്കി മാറ്റി. യുണൈറ്റഡ് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി എങ്കിലും ഫൈനൽ ബോൾ വന്നില്ല. 74ആം മിനുട്ടിൽ കളിയിലെ ഏറ്റവും മികച്ച അവസരം മാഞ്ചസ്റ്റർ യുണൈറ്റഡിനാണ് ലഭിച്ചത്. ലൂക്സ് ഷോയുടെ ക്രോസിൽ നിന്ന് ബ്രൂണോയുടെ ഗോൾ എന്നുറച്ച ശ്രമം പക്ഷെ അലിസന്റെ ഗംഭീര സേവിൽ ഗോളിൽ നിന്ന് അകന്നു.
മറുവശത്ത് 78ആം മിനുട്ടിൽ തിയാഗോയുടെ ഒരു ലോങ് റേഞ്ചർ ഡിഹിയ ഒരു ഫുൾ സ്ട്രെച്ച് സേവിൽ തട്ടിയകറ്റി. ഇരുഭാഗത്തും അറ്റാക്കുകൾ തുടർച്ചയായി വന്നു. 83ആം മിനുട്ടിൽ ലീഡ് എടുക്കാൻ മാഞ്ചസ്റ്ററിനു വീണ്ടും അവസരം വന്നു. ഇത്തവണ പോഗ്ബയുടെ പവർഫുൾ ഷോട്ടും അലിസൺ ഒറ്റയ്ക്ക് നിന്നു തടുത്തു. വിജയത്തിനായി തന്നെ കളിച്ച യുണൈറ്റഡ് യുവ സ്ട്രൈക്കർ ഗ്രീൻവുഡിനെയും ഇറക്കി. എങ്കിലും ഗോൾ പിറന്നില്ല.
ഈ സമനില മാഞ്ചസ്റ്റർ യുണൈറ്റഡിനെ ലീഗിൽ ഒന്നാം സ്ഥാനത്ത് തന്നെ നിലനിർത്തും. 37 പോയിന്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉള്ളത്. 34 പോയിന്റുള്ള ലിവർപൂൾ മൂന്നാം സ്ഥാനത്താണ് ഉള്ളത്.