ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ മൂന്ന് മത്സരങ്ങളിൽ വിജയിക്കാൻ ആകാതിരുന്ന ലിവർപൂൾ തങ്ങൾക്കെതിരെ ഉയർന്ന എല്ലാ വിമർശനങ്ങൾക്കും ഒരു വൻ വിജയത്തോടെ മറുപടി പറഞ്ഞിരിക്കുകയാണ്. ഇന്ന് ആൻഫീൽഡിൽ ക്ലോപ്പിന്റെ ടീം എല്ലാ ദുഖവും തീർത്തത് ബൗണ്മതിനു മേൽ ആയിരുന്നു. എതിരില്ലാത്ത 9 ഗോളുകളുടെ വിജയം ലിവർപൂൾ സ്വന്തമാക്കി.
ആദ്യ പകുതിയിൽ തന്നെ ലിവർപൂൾ അഞ്ചു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ലിവർപൂൾ ഒരു പ്രീമിയർ ലീഗ് മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ അഞ്ചു ഗോളുകൾ അടിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്. ഫർമിനോ ആയിരുന്നു ആദ്യ പകുതിയിൽ താരം. മൂന്ന് അസിസ്റ്റും ഒരു ഗോളും താരം സംഭാവന ചെയ്തു.
മൂന്നാം മിനുട്ടിൽ ഡിയസും, ആറാം മിനുട്ടിൽ എലിയറ്റും 28ആം മിനുട്ടിൽ അർനോൾഡും ഗോൾ നേടിയപ്പോൾ അസിസ്റ്റ് ഫർമിനോയിൽ നിന്നായിരുന്നു. ഇതിനു ശേഷം 31ആം മിനുട്ടിൽ ഫർമിനോ ഗോൾ നേടുകയുൻ ചെയ്തു. 31 മിനുട്ടിൽ തന്നെ ലിവർപൂൾ നാലു ഗോളുകൾക്ക് മുന്നിൽ.
ആദ്യ പകുതിയുടെ അവസാനം വാൻ ഡൈകിലൂടെ ലിവർപൂൾ അഞ്ചാം ഗോൾ നേടി. രണ്ടാം പകുതിയുടെ തുടക്കത്തിലും ഗോൾ വന്നു. 48ആം മിനുട്ടിലെ ഒരു സെൽഫ് ഗോൾ ലിവർപൂളിന്റെ സ്കോർ ആറാക്കി. ഗോളുകൾ പിന്നെയും വന്നു. 63ആം മിനുട്ടിൽ ഫർമിനോയുടെ വക ഏഴാം ഗോൾ.
പിന്നെ 81ആം മിനുട്ടിൽ എട്ടാമത്തെ ഗോൾ. ഫാബിയോ കാർവാലോയുടെ ലിവർപൂൾ കരിയറിലെ ആദ്യ ഗോൾ. 85ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ഡിയസിന്റെ ഹെഡർ. സ്കോർ 9-0. പ്രീമിയർ ലീഗിലെ ഏറ്റവും കൂടുതൽ ഗോളുകളുടെ റെക്കോർഡിനൊപ്പം ലിവർപൂൾ എത്തിയ നിമിഷം. പത്താം ഗോളടിച്ച് റെക്കോർഡ് ഇടാൻ ലിവർപൂൾ ശ്രമിച്ചു എങ്കിലും പത്താം ഗോൾ വന്നില്ല.
ഈ വിജയത്തോടെ ലിവർപൂൾ നാലു മത്സരങ്ങളിൽ നിന്ന് അഞ്ചു പോയിന്റിൽ എത്തി. ബൗണ്മതിന് നാലു മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റ് ആണുള്ളത്.