ദുബായിൽ ടെന്നീസിലേക്കുള്ള മൂന്നാം വരവിനു ഒരുങ്ങി ടെന്നീസ് ഇതിഹാസം കിം ക്ലേസ്റ്റേഴ്സ്

- Advertisement -

ദുബായ് ഡ്യൂട്ടി ഫ്രീ മാസ്റ്റേഴ്‌സിൽ ടെന്നീസിലേക്കുള്ള തന്റെ മൂന്നാം വരവിനു ഒരുങ്ങി മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയായ കിം ക്ലേസ്റ്റേഴ്സ്. അമ്മയായ ടെന്നീസിലേക്ക് തിരിച്ചു വന്നു ഗ്രാന്റ് സ്‌ലാം ജേതാവ് ആയി ലോകത്തെ ഞെട്ടിച്ച ക്ലേസ്റ്റേഴ്സ് ഇത് രണ്ടാം തവണയാണ് വിരമിക്കലിൽ നിന്ന് തിരിച്ചു വരുന്നത്. കഴിഞ്ഞ വർഷം ആയിരുന്നു 36 കാരിയായ ബെൽജിയം താരം താൻ 2020 ൽ തിരിച്ചു വരും എന്ന് പ്രഖ്യാപിക്കുന്നത്. ഈ വരവിൽ എന്ത് അത്ഭുതം ആണ് ക്ലേസ്റ്റേഴ്സ് നൽകുക എന്ന ആകാംക്ഷയിൽ ആണ് ടെന്നീസ് ലോകം. ആദ്യ റൗണ്ടിൽ കാര്യങ്ങൾ പക്ഷെ ക്ലേസ്റ്റേഴ്സിന് അത്ര എളുപ്പം ആവില്ല ദുബായിൽ, ആദ്യം ആറാം സീഡ് കിക്കി ബെർട്ടൻസ് ആയിരിക്കും ക്ലേസ്റ്റേഴ്സിന്റെ എതിരാളി ആയി നിക്ഷയിച്ചിരുന്നത്. എന്നാൽ താരം പിന്മാറിയതിനാൽ ഈ വർഷത്തെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ എത്തിയ സ്പാനിഷ് താരം ഗബ്രീൻ മുഗുരസെ ആവും ക്ലേസ്റ്റേഴ്സിന്റെ എതിരാളി.

മികച്ച ഫോമിലുള്ള മുഗുരസെക്ക് എതിരെ വിരമിച്ച് 8 കൊല്ലത്തിന് ശേഷം ഇറങ്ങുന്ന ക്ലേസ്റ്റേഴ്സ് എന്ത് ചെയ്യും എന്ന് കണ്ടറിയണം. 2012 ൽ ക്ലേസ്റ്റേഴ്സ് അവസാനം കളിച്ച ഗ്രാന്റ് സ്‌ലാം ആയ യു.എസ് ഓപ്പണിൽ അരങ്ങേറ്റം കുറിച്ച താരം കൂടിയാണ് മുഗുരസെ. അതേസമയം ഒന്ന്, രണ്ട്, മൂന്ന് സീഡുകൾ ആയ സിമോണ ഹാലപ്പ്, കരോളിന പ്ലിസ്‌കോവ, എലീന സ്വിറ്റോലീന എന്നിവർക്ക് ബൈയിലൂടെ രണ്ടാം റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു. നാലാം സീഡ് ബെലിന്ത ബെനചിച്ച് അനസ്താഷ്യയെ നേരിടുമ്പോൾ ഓസ്‌ട്രേലിയൻ ഓപ്പൺ ജേതാവ് ആയ അമേരിക്കൻ താരവും അഞ്ചാം സീഡുമായ സോഫിയ കെനിന്റെ എതിരാളി എലീന റൈബാകിനയാണ്. വമ്പൻ പേരുകൾ ദുബായിൽ ഇറങ്ങുന്നു എങ്കിലും ആരാധകരുടെ മുഴുവൻ ശ്രദ്ധയും തന്റെ മൂന്നാം വരവിൽ ടെന്നീസ് ഇതിഹാസം കിം ക്ലേസ്റ്റേഴ്സ് എന്ത് ചെയ്യും എന്നത് തന്നെയാണ്. ഇന്നാണ് ദുബായിൽ മത്സരങ്ങൾ തുടങ്ങുക.

Advertisement