പരിക്കേറ്റ് വീണ സമയം നോക്കി ലീഡ്സ് ഗോളടിച്ചു, പകരം ഗോൾ സമ്മാനമായി നൽകി ലീഡ്സ് കോച്ച്

- Advertisement -

ചാമ്പ്യൻഷിപ്പിൽ ഇന്ന് കണ്ടത് നാടകീയതയുടെ അങ്ങേയറ്റമായിരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷൻ ആഗ്രഹിച്ച് കളത്തിൽ ഇറങ്ങിയ ആസ്റ്റൺ വില്ലയും ലീഡ്സ് യുണൈറ്റഡും ഏറ്റുമുട്ടിയപ്പോൾ ശക്തമായ പോരാട്ടം എല്ലാവരും പ്രതീക്ഷിച്ചു എങ്കിലും ഇത്രയും നാടകീയ ആരും പ്രതീക്ഷിച്ചില്ല‌. കളിയുടെ രണ്ടാം പകുതിയിൽ ലീഡ്സ് യുണൈറ്റഡ് നേടിയ ഗോളായിരുന്നു പ്രശ്നങ്ങൾക്ക് വഴിവെച്ചത്.

ആസ്റ്റൺ വില്ലയുടെ ജൊണതാൻ കോഡ്ജിയ പരിക്കേറ്റ് വീണപ്പോൾ കളി നിർത്താൻ ലീഡ്സ് യുണൈറ്റഡ് താരങ്ങളോട് ആസ്റ്റൺ വില്ല താരങ്ങൾ ആവശ്യപ്പെട്ടു. കളി നിർത്തുന്നതിനായി ബോൾ ത്രോ ലൈനിലേക്ക് അടിച്ചു കളയുന്നത് പോലെ ലീഡ്സ് യുണൈറ്റഡ് നീങ്ങിയപ്പോൾ എല്ലാവരും കളി നിർത്തി. ആ സമയം നോക്കി ഒരു ഫോർവേഡ് പാസ് നൽകി ആ പാസിൽ നിന്ന് ലീഡ്സ് യുണൈറ്റഡ് ഗോളടിച്ചു. മത്സരത്തിലെ എല്ലാ മാന്യതയും കളഞ്ഞുള്ള ലീഡ്സിന്റെ നടപടി കളത്തിൽ ഒരു യുദ്ധം തന്നെ ഉണ്ടാക്കി.

ലീഡ്സിന്റെ താരങ്ങളെ ആസ്റ്റൺ വില്ല താരങ്ങൾ കയ്യേറ്റം ചെയ്തു. തുടർന്ന് ആസ്റ്റൺ വില്ലയുടെ അൻവർ അൽ ഗാസിക്ക് ചുവപ്പ് കാർഡും കിട്ടി. മിനുറ്റുകളോളം ഈ സംഘർഷം നീണ്ടു നിന്നു. എന്നാൽ ഈ ഗോൾ നേടിയത് ശരിയായില്ല എന്ന് തോന്നിയ ലീഡ്സ് പരിശീലകൻ ബിയെൽസ തന്റെ ടീമിനോട് ആസ്റ്റൺ വില്ലയ്ക്ക് ഒരു ഗോൾ സംഭാവന നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് കിക്കോഫിൽ നിന്ന് പന്ത് തൊടാതിരിക്കാൻ ലീഡ്സ് തീരുമാനിക്കുകയും ആസ്റ്റൺ വില്ല ആരുടെയും ബുദ്ധിമുട്ടില്ലാതെ ഒരു ഗോൾ അടിക്കുകയും ചെയ്തു. ആ ഗോൾ നൽകി എങ്കിലും ഇരുടീമുകളു തമ്മിൽ ഉള്ള വാക്കു തർക്കങ്ങൾ മത്സരത്തിന്റെ അവസാനം വരെ നീണ്ടു. 1-1 എന്ന നിലയിൽ തന്നെയാണ് കളി അവസാനിച്ചത്.

Advertisement