റോം ലാസിയോയുടേത്! ഡാർബിയിൽ റോമയെ ഏക ഗോളിന് വീഴ്ത്തി ലാസിയോ

Screenshot 20221107 005327 01

ഇറ്റാലിയൻ സീരി എയിൽ റോം ഡാർബിയിൽ ജയം കണ്ടു ലാസിയോ. യൂറോപ്പ ലീഗിൽ നേരിട്ട വമ്പൻ തിരിച്ചടിക്ക് ശേഷം ഡാർബിയിൽ കളിക്കാൻ ഇറങ്ങിയ ലാസിയോ ജോസെ മൊറീന്യോയുടെ റോമയെ എതിരില്ലാത്ത ഒരു ഗോളിന് ആണ് മറികടന്നത്. ജയത്തോടെ ലീഗിൽ നാപോളിക്കും എ.സി മിലാനും പിറകിൽ മൂന്നാം സ്ഥാനത്ത് ലാസിയോ എത്തി, അതേസമയം ലീഗിൽ അഞ്ചാമത് ആണ് റോമ. പന്ത് കൈവശം വക്കുന്നതിൽ അടക്കം റോമക്ക് ആയിരുന്നു മത്സരത്തിൽ ആധിപത്യം.

ലാസിയോ

വലിയ ആവേശം ഒന്നും സൃഷ്ടിക്കാത്ത മത്സരത്തിൽ ഇരു ടീമുകളും 13 ഷോട്ടുകൾ ഉതിർത്തപ്പോൾ 32 ഫൗളുകൾ ആണ് ചെയ്‌തത്. മത്സരത്തിൽ ആദ്യ പകുതിയിൽ 29 മത്തെ മിനിറ്റിൽ ആണ് ലാസിയോയുടെ വിജയഗോൾ പിറന്നത്. ഇബാനസിനെ പെഡ്രോ പ്രസ് ചെയ്തപ്പോൾ ലഭിച്ച പന്ത് പിടിച്ചെടുത്തു ബ്രസീലിയൻ താരം ഫിലിപ്പെ ആന്റേഴ്‌സൺ ആണ് ലാസിയോയുടെ ഗോൾ നേടിയത്. ബദ്ധവൈരികൾ ആയ റോമയുടെ മൈതാനത്ത് ജയിക്കാൻ ആയത് ഈ സീസണിൽ ലാസിയോക്ക് വലിയ ഊർജം തന്നെയാവും പകരുക.