ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനു ഞെട്ടൽ, ഇന്ററിനെ തകർത്തു ലാസിയോ

20220827 023218

സീരി എയിൽ ലാസിയോയുടെ ജയം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

ഇറ്റാലിയൻ സീരി എയിൽ ഇന്റർ മിലാനെ ഞെട്ടിച്ചു ലാസിയോ. ഏതാണ്ട് ഇരു ടീമുകളും സമാസമം നിന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് ലാസിയോ ഇന്ററിനെ തോൽപ്പിച്ചത്. കഴിഞ്ഞ രണ്ടു മത്സരങ്ങളും ജയിച്ചു വന്ന ഇന്ററിന് പക്ഷെ ലാസിയോയെ തോൽപ്പിക്കാൻ ആയില്ല. ആവേശകരമായ മത്സരത്തിൽ ആദ്യ പകുതിയുടെ നാൽപ്പതാം മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. മിലിൻകോവിച് സാവിചിന്റെ അതുഗ്രൻ ത്രൂ ബോൾ പാസിൽ നിന്നു ബ്രസീലിയൻ താരം ഫിൽപെ ആന്റേഴ്സൺ ലാസിയോക്ക് ഗോൾ സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഇന്റർ ഗോൾ തിരിച്ചടിച്ചു.

സീരി എ

ഡിമാർകോയുടെ ഫ്രീകിക്കിൽ നിന്നു ഡെൻസൽ ഡംഫ്രയിസിന്റെ പാസിൽ നിന്നു ലൗറ്റാരോ മാർട്ടിനസ് ആണ് ഇന്ററിന്റെ സമനില ഗോൾ നേടിയത്. പകരക്കാരായി എത്തിയ പെഡ്രോയും ലൂയിസ് ആൽബർട്ടോയും ലാസിയോക്ക് വിജയം സമ്മാനിക്കുന്നത് ആണ് പിന്നീട് കണ്ടത്. 75 മത്തെ മിനിറ്റിൽ പെഡ്രോയുടെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് ബുള്ളറ്റ് ഷോട്ടിലൂടെ ലൂയിസ് ആൽബർട്ടോ ലാസിയോയെ ഒരിക്കൽ കൂടി മത്സരത്തിൽ മുന്നിലെത്തിച്ചു. അവസാന നിമിഷങ്ങളിൽ കത്തികയറിയ ലാസിയോ 86 മത്തെ മിനിറ്റിൽ ജയം ഉറപ്പിച്ചു. ചിറോ ഇമ്മോബെയിലിന്റെ പാസിൽ നിന്നു മനോഹരമായ ഒരു ഷോട്ടിലൂടെ ഗോൾ നേടിയ പെഡ്രോ ലാസിയോ ജയം ഉറപ്പിക്കുക ആയിരുന്നു. ജയത്തോടെ താൽക്കാലികമായി എങ്കിലും ലീഗിൽ ഒന്നാമത് എത്താനും ലാസിയോക്ക് ആയി.

Story Highlight : Lazio shock Inter Milan in Serie A, beat them 3-1.