സ്പാനിഷ് ലാ ലീഗയിൽ ആവേശകരമായ മത്സരത്തിൽ അവസാന നിമിഷം ജയം കണ്ടു ബാഴ്സലോണ. മത്സരത്തിൽ കൂടുതൽ നേരം പന്ത് കൈവശം വച്ചത് ബാഴ്സലോണ ആണെങ്കിലും അവസരങ്ങൾ കൂടുതൽ തുറന്നത് ബെറ്റിസ് ആയിരുന്നു. ഒരിക്കൽ ബെറ്റിസ് ശ്രമം ബാറിൽ ഇടിച്ചും മടങ്ങി. മത്സരത്തിൽ ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ 75 മിനിറ്റിനു ശേഷമാണ് ഗോളുകൾ പിറന്നത്. 76 മത്തെ മിനിറ്റിൽ പകരക്കാനായി ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ തന്റെ തിരിച്ചു വരവിൽ അനസു ഫാത്തി ഗോൾ കണ്ടത്തി.
ജോർഡി ആൽബയുടെ പാസിൽ നിന്നു തന്റെ രണ്ടാം ടച്ചിൽ തന്നെ അനസു ഫാത്തി ബാഴ്സലോണക്ക് മുൻതൂക്കം നൽകി. എന്നാൽ നാലു മിനിറ്റിനുള്ളിൽ ബെറ്റിസ് മത്സരത്തിൽ തിരിച്ചു വന്നു. നബീൽ ഫെകീറിന്റെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ മുൻ ബാഴ്സലോണ പ്രതിരോധ താരം മാർക് ബാർത്രയാണ് ബെറ്റിസിന് സമനില ഗോൾ നൽകിയത്. സമനിലയിലേക്ക് പോകും എന്നു തോന്നിയ മത്സരത്തിൽ ഡാനി ആൽവസിന്റെ പാസിൽ നിന്നു ഇഞ്ച്വറി സമയത്ത് 94 മത്തെ മിനിറ്റിൽ ജോർഡി ആൽബ വളരെ മികച്ച വോളിയിലൂടെ ബാഴ്സലോണക്ക് വിജയം സമ്മാനിക്കുക ആയിരുന്നു. ബാഴ്സലോണ ലീഗിൽ രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ബെറ്റിസ് അഞ്ചാം സ്ഥാനത്ത് ആണ്.