മൂന്ന് ഗോളിന് പിറകിൽ പോയ ശേഷം തിരിച്ചടി, ബാസ്‌കോയെ തോല്‍പ്പിച്ച് കെഎസ്ഇബി ഫൈനലില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: ഗോള്‍മഴ കണ്ട രാംകോ കേരള പ്രീമിയര്‍ ലീഗിന്റെ ആവേശകരമായ ആദ്യ സെമിഫൈനലില്‍ ബാസ്‌കോ ഒതുക്കുങ്ങലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ച് കെഎസ്ഇബി ഫൈനലില്‍. നിശ്ചിത സമയത്ത് ഇരുടീമുകളും മൂന്നു ഗോള്‍വീതം നേടി സമനില പാലിച്ചു. ടൈബ്രേക്കറില്‍ 5-3നാണ് കെഎസ്ഇബിയുടെ വിജയം. 65ാം മിനുറ്റ് വരെ മൂന്ന് ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് കെഎസ്ഇബിയുടെ അവിശ്വസനീയമായ തിരിച്ചുവരവും ഫൈനല്‍ പ്രവേശനവും. ബുധനാഴ്ച നടക്കുന്ന കലാശകളിയില്‍ ഗോകുലം കേരള എഫ്‌സിയെ കെഎസ്ഇബി നേരിടും.

ഗോളൊഴിഞ്ഞ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ആറ് ഗോളുകളും വീണത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ തുടര്‍ച്ചയായ മൂന്ന് ഗോളുകള്‍ നേടി വിജയമുറപ്പിച്ച ബാസ്‌കോ ഒതുക്കുങ്ങലിനെ അതേ നാണയത്തില്‍ തിരിച്ചടിച്ചാണ് കെഎസ്ഇബി ഒപ്പം പിടിച്ചത്. ഷൂട്ടൗട്ടില്‍ കെഎസ്ഇബിക്കായി നിജോ ഗില്‍ബെര്‍ട്ട്, അരുണ്‍ സുരേഷ്, മുഹമ്മദ് ഉവൈസ്, ജിനേഷ് ഡൊമിനിക്ക്, എല്‍ദോസ് ജോര്‍ജ് എന്നിവര്‍ ലക്ഷ്യം നേടി. ബാസ്‌കോയുടെ സിറാജുദ്ദീന്‍, മുഹമ്മദ് സാലിം, ഫര്‍ഷാദ്.എന്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മുഹമ്മദ് സാനിഷിന്റെ കിക്ക് പുറത്തായി. മുഴുവന്‍ സമയത്ത് മുഹമ്മദ് ഷാഫി.സി (59), അജയ് കൃഷ്ണന്‍ (63) എന്നിവര്‍ ബാസ്‌കോയ്ക്കായും ജേക്കബ്.സി (65, 85) നിജോ ഗില്‍ബെര്‍ട്ട് (90+1) എന്നിവര്‍ കെഎസ്ഇബിക്കായും എതിര്‍വല കുലുക്കി. 54ാം മിനുറ്റിലെ ബാസ്‌കോയുടെ ആദ്യഗോള്‍ കെഎസ്ഇബിയുടെ ദാനഗോളായിരുന്നു.

4-4-2 ശൈലിയിലാണ് ഇരു കോച്ചുകളും ടീമിനെ വിന്യസിച്ചത് മുഹമ്മദ് ഉവൈസ്, അരുണ്‍ സുരേഷ്, ജിനേഷ് ഡൊമിനിക്, ഫ്രാന്‍സിസ്.എസ്, നിജോ ഗില്‍ബെര്‍ട്ട്, ജോനാസ് എം.ജെ, അജീഷ്.പി, ജേക്കബ്.സി, മുഹമ്മദ് പാറേക്കോട്ടില്‍, എല്‍ദോസ് ജോര്‍ജ്, ഷൈന്‍ഖാന്‍ ചിലപ്പുറം എന്നിവരായിരുന്നു കെഎസ്ഇബി ആദ്യ ഇലവനില്‍. സുജിത് എം.എസിനെ ഗോള്‍കീപ്പറാക്കി മുഹമ്മദ് സനീഷ് കെ.കെ, ഷാനവാസ് പി.പി, ഫഹദ് ടി.സി, നൗഫല്‍ പി.എന്‍, മുഹമ്മദ് ഷാഫി.സി, തേജസ് കൃഷ്ണ.എസ്, അബ്ദുറഹീം.കെ, മുഹമ്മദ് ആഷിഖ്.എസ്, ഫര്‍ഷാദ്.എന്‍, അജയ് കൃഷ്ണ എന്നിവരെ ബാസ്‌കോ ഒതുക്കുങ്ങല്‍ ആദ്യഇലവനില്‍ കളിപ്പിച്ചു.

ഇരുടീമുകളും ആക്രമണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ തുടക്കം മുതല്‍ കളി ആവേശകരമായി. കെഎസ്ഇബിയുടെ തുടര്‍ച്ചയായ രണ്ടു ഗോള്‍ ശ്രമങ്ങള്‍ ബാസ്‌കോ ഗോളി സുജിത് എം.എസ് സമര്‍ഥമായി തടഞ്ഞു. ബാസ്‌കോയുടെ മുഹമ്മദ് ഷാഫിയുടെ ഗോള്‍ നീക്കം പോസ്റ്റിനോട് ചേര്‍ന്ന് പുറത്തായി. കളിയിലെ ആദ്യകോര്‍ണര്‍ ലഭിച്ച കെഎസ്ഇബി വീണ്ടും ഗോളിനടുത്തെത്തി. കോര്‍ണര്‍ കിക്കില്‍ നിജോ ഗില്‍ബെര്‍ട്ട് ശക്തിയേറിയൊരു ഹെഡറിന് ശ്രമിച്ചു, അതേ മികവില്‍ ഗോളി കുത്തനെ ഉയര്‍ന്ന് പന്ത് കുത്തിയകറ്റി. പ്രത്യാക്രമണണത്തില്‍ ബാസ്‌കോയുടെ മുഹമ്മദ് ഷാഫിക്ക് പിഴച്ചു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ലീഡ് നേടാനുള്ള മികച്ചൊരു അവസരം ഗോളിയുടെ കൈകളിലേക്ക് തന്നെ പന്തടിച്ച് പാഴാക്കി. 30ാം മിനുറ്റില്‍ കെഎസ്ഇബി കളിയിലെ ആദ്യമാറ്റം വരുത്തി. ക്യാപ്റ്റന്‍ കെഎസ്.ഫ്രാന്‍സിസിനെ തിരിച്ചുവിളിച്ച് എം.വിഗ്‌നേഷിനെ ഇറക്കി. ബാസ്‌കോയ്ക്കായി മുഹമ്മദ് ആഷിഖ് രണ്ടു ശ്രമങ്ങള്‍ നടത്തി. ബോക്‌സിന്റെ ഇടത് ഭാഗത്ത് നിന്നുള്ള നീക്കം ഷൈന്‍ഖാന്‍ അനായാസം കയ്യിലൊതുക്കി. മറുഭാഗത്ത് എല്‍ദോസ് ജോര്‍ജിന്റെ സൈഡ് വോളിയില്‍ സകല കരുത്തും ആവാഹിച്ചിരുന്നു. പക്ഷേ, സുജിത്തിന്റെ കൈകള്‍ മറികടക്കാന്‍ അതുമതിയായില്ല. ആദ്യപകുതി അവസാനിക്കാന്‍ സെക്കന്റുകള്‍ ബാക്കിനില്‍ക്കെ മുന്നിലെത്താനുള്ള സുവര്‍ണാവസരം ബാസ്‌കോ പാഴാക്കി. പന്തുമായി കുതിച്ച് ബോക്‌സില്‍ കയറിയ പി.എന്‍ നൗഫലിനെ, ജിനേഷ് ഡൊമിനിക് ഫൗള്‍ ചെയ്തതിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി കിക്ക്, കെ.അബ്ദു റഹീം പുറത്തേക്ക് അടിച്ചു കളഞ്ഞതോടെ ഗോള്‍രഹിത സമനിലയില്‍ ആദ്യപകുതി അവസാനിച്ചു.

കെഎസ്ഇബിയുടെ ആക്രമണത്തോടെയാണ് രണ്ടാം പകുതി തുടങ്ങിയത്. ബാസ്‌കോയും തിരിച്ചടിച്ചു. മിനിറ്റുകള്‍ക്കകം ബാസ്‌കോ ലീഡ് നേടി. നേരത്തെ പെനാല്‍റ്റി പാഴാക്കിയ റഹീം ഗോളിന് വഴിയൊരുക്കി പ്രായശ്ചിത്തം ചെയ്തു. ബോക്‌സിന് പുറത്ത് നിന്ന് ലഭിച്ച പന്തുമായി ഇടത് വിങിലൂടെ ബോക്‌സിലേക്ക് ഒറ്റയ്ക്ക് കുതിച്ച കെ.അബ്ദു റഹീം പ്രതിരോധ താരങ്ങളെ വെട്ടിച്ച് പന്ത് വല ലക്ഷ്യമാക്കി അടിച്ചു. കെഎസ്ഇബിയുടെ മുഹമ്മദ് ഉവൈസില്‍ തട്ടി പന്ത് വലയില്‍ വീണു, (0-1). കെഎസ്ഇബിയുടെ ഷോക്ക് തീരും മുമ്പേ അടുത്ത ഗോളെത്തി. മുഹമ്മദ് ഷാഫിയായിരുന്നു സ്‌കോറര്‍ (0-2). ഇടത് വിങിലൂടെയുള്ള നീക്കത്തിലൂടെയായിരുന്നു രണ്ടാം ഗോളും പിറന്നത്. തൊട്ടടുത്ത മിനുറ്റിലേക്കും ബാസ്‌കോ താരങ്ങളുടെ ആഘോഷം നീണ്ടു. അപ്രതീക്ഷിത നീക്കങ്ങളില്‍ തളര്‍ന്ന കെഎസ്ഇബിയെ നിസഹായരാക്കി 63ാം മിനുറ്റില്‍ അടുത്ത ഗോളെത്തി. ഇടത് മൂലയില്‍ നിന്ന് സിറാജുദ്ദീന്റെ കോര്‍ണര്‍ കിക്ക് ബോക്‌സിന് നടുവിലേക്ക്, കെഎസ്ഇബി താരങ്ങളുടെ ആശയകുഴപ്പം മുതലെടുത്ത അജയ് കൃഷ്ണന്‍ പന്ത് വലയിലേക്ക് അടിച്ചുകയറ്റി. ദുര്‍ബലമായ ഷോട്ട് കയ്യിലൊതുക്കാന്‍ ഷൈന്‍ഖാന് കഴിഞ്ഞില്ല, (0-3).

ഒന്നും പതറിയെങ്കിലും കെഎസ്ഇബി തിരിച്ചടിക്ക് കോപ്പുകൂട്ടി. 65ാം മിനുറ്റില്‍ സി.ജേക്കബിലൂടെ ആദ്യ ഗോള്‍ മടക്കി. ബോക്‌സില്‍ പന്ത് ക്ലിയര്‍ ചെയ്യാനുളള ബാസ്‌കോ പ്രതിരോധനിരയുടെ ശ്രമത്തിനിടെ പന്ത് ബോക്‌സിന് പുറത്ത് നിന്ന ജേക്കബിന് ലഭിച്ചു. സമയോചിതമായ ഷോട്ടിലൂടെ താരം ലക്ഷ്യം കണ്ടു, (1-3). 85ാം മിനുറ്റില്‍ ജേക്കബിലൂടെ തന്നെ കെഎസ്ഇബി രണ്ടാം ഗോള്‍ മടക്കിയതോടെ കളി വീണ്ടും ആവേശത്തിലായി, (2-3). പരിക്ക് സമയത്ത് എം.വിഗ്‌നേഷിനെ വീഴ്ത്തിയതിന് റഫറി കെഎസ്ഇബിക്ക് അനുകൂലമായ പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത നിജോ ഗില്‍ബെര്‍ട്ടിന് ഉന്നം തെറ്റിയില്ല. കളി ആവശേകരമായ സമനിലയിലായി (3-3). അവസാന മിനുറ്റുകളില്‍ ഇരുടീമുകളും നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും സമനില പൂട്ടഴിക്കാനായില്ല.